ഗാസയിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ നിന്ന് 1000 പേർ, സൽമാൻ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തും.
റിയാദ്: ഹജ്ജിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മക്കയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക്. 13 ലക്ഷം തീർത്ഥാടകർ ഇതിനോടകം എത്തിയെന്നാണ് കണക്ക്. ഗാസയിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ നിന്ന് 1000 പേർ, സൽമാൻ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തും.
ഗാസയ്ക്കായി ആദ്യം ശബ്ദമുയർത്തിയ സഹായമയച്ച രാജ്യങ്ങളിലൊന്നായ സൗദി, ഏറ്റവും വലിയ തീർത്ഥാടനമായ ഹജ്ജിലും ഒരു മാതൃക തീർക്കുകയാണ്. സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവോടെ ഗാസയിൽ നിന്ന് ആയിരം തീർത്ഥാടകരെത്തും. ആക്രമണത്തിൽ മരിച്ചവരും പരിക്കേറ്റരുമായവരുടെ കുടുംബങ്ങളിൽ നിന്നായിരിക്കും ആ അതിഥികൾ. ഇതോടെ മൊത്തം പലസ്തീനിൽ നിന്നുള്ള തീർത്ഥാടകർ 2000 ആയി. 180 രാജ്യങ്ങളിൽ നിന്ന് 13 ലക്ഷം തീർത്ഥാടകർ ഇതിനോടകം എത്തി കഴിഞ്ഞു. ആഭ്യന്തര തീർത്ഥാടകരും മക്കയിലേക്ക് നേരിട്ടെത്തുന്നവരുമാണ് വരും ദിനങ്ങളിൽ എത്തുക.
Also Read: ബലിപെരുന്നാള്‍; ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചു
ജൂൺ 14ന് ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമാകും. മിനായിൽ രാപ്പാർത്ത്, 15ന് അറഫ സംഗമം. അതേസമയം, ഹജ്ജ് പെർമിറ്റില്ലാത്തവരെ പിടികൂടാൻ അതിർത്തികളിലെങ്ങും സേനകളെ വിന്യസിച്ചു. മക്ക ഡെപ്യൂട്ട് അമീർ ഉൾപ്പടെ ഭരണാധികാരികൾ ഒരുക്കങ്ങൾ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ച ജുമുഅ പ്രാർത്ഥനകൾക്കായി പത്ത് ലക്ഷത്തിലധികം പേരാണ് മദിനയിലെത്തിയത്.