തബൂക്ക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ജബൽ അൽ ലോസ് മഞ്ഞുവീഴ്ചയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
റിയാദ്: മഞ്ഞണിഞ്ഞ് സൗദിയുടെ വടക്കൻ മേഖലയായ അൽ ജൗഫ്. വെള്ളിയാഴ്ച മുതൽ അൽ ജൗഫ് പ്രവിശ്യയുടെ വടക്കൻ ഭാഗമാകെ വെള്ളപുതച്ചുകിടക്കുകയാണ്. മണലും കുറ്റിച്ചെടികളും പർവതങ്ങളും പാതകളും മഞ്ഞിന്‍റെ കമ്പളം പുതച്ചു. പ്രവിശ്യ ആസ്ഥാനമായ സകാക്ക നഗരത്തിന്‍റെ വടക്കുഭാഗത്തും ദൗമത് അൽ ജൻഡാൽ ഗവർണറേറ്റ് പരിധിയിലും ആലിപ്പഴ വർഷവും തുടർച്ചയായ കനത്ത മഴയും പെയ്തതിനെ തുടർന്നാണീ പ്രതിഭാസം.
എന്നാൽ സമാനമായ അവസ്ഥ വടക്കൻ പ്രവിശ്യകളിലൊന്നായ ഹാഇലിലും ഈ ദിശയിലെ മറ്റ് പ്രദേശങ്ങളായ റഫയിലും തുമൈറിലും എല്ലാം പ്രകടമാണ്. ഹാഇൽ - റഫ ഹൈവേയും പാർശ്വഭാഗങ്ങളും പൂർണമായും മഞ്ഞ് മൂടിയ അവസ്ഥയിലാണ്. കടുത്ത മൂടൽമഞ്ഞാണ് അന്തരീക്ഷമാകെ. ഇത്തരം മഞ്ഞുവീഴ്ചകൾ അറേബ്യൻ ഉപദ്വീപിലുടനീളം സാധാരണമല്ല. എന്നാൽ ചിലയിടങ്ങളിൽ അവ സംഭവിക്കുമ്പോൾ മരുഭൂമിക്ക് ഒരു പ്രത്യേക ആകർഷണമുണ്ടാകുന്നു. തബൂക്ക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ജബൽ അൽ ലോസ് മഞ്ഞുവീഴ്ചയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
undefined
2,500 മീറ്ററിലധികം ഉയരമുള്ള കൊടുമുടികളും അവയുടെ താഴ്വരകളും മുഴുവൻ ശൈത്യകാലത്തെ ഇപ്പോഴെ പുൽകിയതുപോലെ മഞ്ഞണിഞ്ഞ് കിടക്കുകയാണ്. വളരെ തണുപ്പുറഞ്ഞ അന്തരീക്ഷമാണിപ്പോൾ ഇവിടെ. ഈ വർഷത്തെ അൽ ജൗഫിലെ മഞ്ഞ് സൗദി അറേബ്യയിലുടനീളമുള്ള അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങളുടെ ഭാഗമാണ്.
കഴിഞ്ഞ ബുധനാഴ്ച മുതൽ അൽ ജൗഫ് മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ആലിപ്പഴ വർഷത്തോടൊപ്പം ശക്തമായ മഴയും അനുഭവപ്പെട്ടു. ഇതിന്‍റെ ഫലമായി അനേകം താഴ്‌വരകൾ വെള്ളത്താൽ നിറഞ്ഞു. വസന്തത്തിലും ശൈത്യത്തിലും ലാവെൻഡർ, ക്രിസന്തമം തുടങ്ങി സുഗന്ധ സസ്യങ്ങൾ ഈ ഭാഗങ്ങളിലാകെ പുത്തുമലർന്നുകിടക്കാറുണ്ട്. ദേശീയകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ പ്രവചനമനുസരിച്ച് അൽ ജൗഫ് മേഖലയിലെ മിക്ക ഗവർണറേറ്റുകളിലും ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. ശക്തമായ കാറ്റിനൊപ്പം വരും ദിവസങ്ങളിൽ കനത്ത മഴ പെയ്യും.
അൽ ജൗഫ് മേഖലയിൽ അൽ ഖുറയ്യാത്ത്, തബർജൽ ഗവർണറേറ്റുകളിൽ കനത്ത മഴയും ശക്തമായ കാറ്റ് വീശാനും മഞ്ഞും പൊടിക്കാറ്റും കാരണം ദൃശ്യപരത കുറയാനും ആലിപ്പഴം, കൊടുങ്കാറ്റ്, ഇടിമിന്നൽ, മഴ എന്നിവയുണ്ടാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. പർവതപ്രദേശങ്ങളിൽ മഞ്ഞ് പെയ്യുന്നത് സൗദി അറേബ്യക്ക് അപൂർവവും മനോഹരവുമായ കാഴ്ചകൾ സമ്മാനിക്കും. പ്രദേശവാസികളുടെയും സന്ദർശകരുടെയും മനം കുളിർപ്പിക്കുകയും ചെയ്യും.