നയാ പൈസ നികുതിയില്ല, ലോട്ടറി അടിച്ചാല്‍ മുഴുവനും സ്വന്തം; മലയാളികളെ കോടീശ്വരന്മാരാക്കുന്ന നറുക്കെടുപ്പുകള്‍

By Web Team  |  First Published Sep 22, 2023, 5:00 PM IST

മുപ്പതും നാല്‍പ്പതും കോടികളുടെ സമ്മാനം ലഭിച്ചാല്‍ നയാപൈസ നികുതി അടയ്ക്കാതെ മുഴുവനും സ്വന്തമാക്കാം എന്നതാണ് പ്രവാസി മലയാളികളെ ഈ നറുക്കെടുപ്പുകളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യം.


ദുബൈ: ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ വിജയിയെ പ്രഖ്യാപിച്ചതോടെ കേരളത്തിലിപ്പോള്‍ ലോട്ടറിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് എങ്ങും. ലോട്ടറി അടിച്ചവരും അടിക്കാതെ പൈസ നഷ്ടമായവരും നിരാശരായവരും അടുത്ത തവണ ബമ്പറടിക്കുമെന്ന് പ്രത്യാശയുള്ളവരും...അങ്ങനെ നീളുന്നു ഭാഗ്യക്കുറി ചര്‍ച്ചകള്‍. 

25 കോടിയാണ് ഓണം ബമ്പര്‍ ഒന്നാം സമ്മാനത്തുക എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. എന്നാല്‍ ഈ 25 കോടിയും ഭാഗ്യശാലിക്ക് ലഭിക്കില്ല എന്നത് മറ്റൊരു വാസ്തവവും. 25 കോടി ബമ്പറടിച്ചാല്‍ ഭാഗ്യശാലിക്ക് കൈയ്യില്‍ കിട്ടുക 12.88 കോടി രൂപ മാത്രമാണ്. ഭാഗ്യശാലി ആരെന്ന് അറിഞ്ഞാലോ പിന്നാലെ കൂടാന്‍ നിരവധി ആളുകളെത്തുമെന്നത് മുന്‍ വര്‍ഷങ്ങളില്‍ ബമ്പറടിച്ചവരുടെ അനുഭവം. എന്നാല്‍ കേരളത്തിലെ ലോട്ടറി നറുക്കെടുപ്പ് രീതികളില്‍ നിന്ന് വ്യത്യസ്തമാണ് യുഎഇയിലെ കോടികള്‍ കയ്യില്‍ കിട്ടുന്ന വമ്പന്‍ നറുക്കെടുപ്പുകള്‍. മുപ്പതും നാല്‍പ്പതും കോടികളുടെ സമ്മാനം ലഭിച്ചാല്‍ നയാപൈസ നികുതി അടയ്ക്കാതെ മുഴുവനും സ്വന്തമാക്കാം എന്നതാണ് പ്രവാസി മലയാളികളെ ഈ നറുക്കെടുപ്പുകളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യം.

Latest Videos

അബുദാബി ബിഗ് ടിക്കറ്റ്, മഹ്‌സൂസ്, ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്, എമിറേറ്റ്‌സ് ഡ്രോ എന്നിങ്ങനെ യുഎഇയിലെ മലയാളികളെ കോടിപതികളാക്കിയ നിരവധി നറുക്കെടുപ്പുകളുണ്ട്. ബിഗ് ടിക്കറ്റ് മാസം തോറും നടത്തുന്ന ലൈവ് നറുക്കെടുപ്പുകളില്‍ വന്‍ തുകയാണ് സമ്മാനമായി നല്‍കുന്നത്. രണ്ട് കോടി ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഇക്കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി നല്‍കിയത്. ഒരു നറുക്കെടുപ്പില്‍ തന്നെ ഗ്രാന്‍ഡ് പ്രൈസിന് പുറമെ ഒമ്പതോളം ക്യാഷ് പ്രൈസുകളും വിജയികള്‍ക്ക് ലഭിക്കുന്നു. മുപ്പതും നാല്‍പ്പതും കോടി രൂപ വിജയിച്ചവരില്‍ നിരവധി മലയാളികളുമുണ്ട്. ഒറ്റക്ക് ടിക്കറ്റ് എടുത്തവരും സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റ് വാങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്.

സ്ഥിരമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്ന നിരവധി മലയാളികളുണ്ട്. ഒരു തവണ ഭാഗ്യം കടാക്ഷിച്ചാല്‍ ജീവിതം തന്നെ മാറി മറിയും, നികുതി അടക്കാതെ മുഴുവന്‍ തുകയും സ്വന്തമാക്കുകയും ചെയ്യാം. ലൈവ് നറുക്കെടുപ്പിന് പുറമെ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പുകളും മറ്റ് മത്സരങ്ങളും പ്രൊമോഷനുകളുമെല്ലാം സംഘടിപ്പിക്കാറുണ്ട്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് മൂന്നാമത്തെ ടിക്കറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്യുന്നു. കൂടാതെ ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിക്കുന്നവര്‍ക്ക് ആഡംബര കാറുകളും സമ്മാനമായി ലഭിക്കും.

മഹ്‌സൂസാകട്ടെ ഗ്രാന്‍ഡ് ഡ്രോ, റാഫിള്‍ ഡ്രോ എന്നിവയിലൂടെ ആഴ്ചതോറും സമ്മാനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ അഞ്ചും യോജിച്ച് വരുന്ന ഭാഗ്യശാലിക്ക് 20,000,000 ദിര്‍ഹമാണ് മഹ്‌സൂസ് ഗ്രാന്‍ഡ് ഡ്രോയിലൂടെ ലഭിക്കുക. നാല് സംഖ്യകള്‍ യോജിച്ചാല്‍ 150,000 ദിര്‍ഹവും ലഭിക്കും, മൂന്ന് സംഖ്യകള്‍ യോജിച്ച് വന്നാലും വന്‍തുകയുടെ സമ്മാനം കാത്തിരിക്കുന്നുണ്ട്. രണ്ട് സംഖ്യകള്‍ യോജിച്ച് വന്നാല്‍ സൗജന്യ മഹ്‌സൂസ് ടിക്കറ്റും ഒരു സംഖ്യ യോജിച്ചാല്‍ 5 ദിര്‍ഹവുമാണ് സമ്മാനമായി ലഭിക്കുക. 100,000 ദിര്‍ഹം വീതം സമ്മാനമായി മൂന്ന് പേര്‍ക്ക് നല്‍കുന്ന റാഫിള്‍ ഡ്രോയും മഹ്‌സൂസ് സംഘടിപ്പിക്കുന്നുണ്ട്.

ഇതിന് പുറമെ വിവിധ നറുക്കെടുപ്പുകളുമായി എമിറേറ്റ്‌സ് ഡ്രോ, 10 ലക്ഷം ഡോളര്‍ സമ്മാനം നല്‍കുന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പ് എന്നിങ്ങനെ സമ്മാനത്തുക മുഴുവന്‍ ഭാഗ്യശാലിക്ക് ലഭിക്കുന്ന നറുക്കെടുപ്പുകള്‍ യുഎഇയിലുണ്ട്. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ കൂടുതലും സമ്മാനം നേടുന്നത് ഇന്ത്യക്കാരാണ്. 1999-ൽ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം ഈ വർഷം മാർച്ച് വരെ 207 ഇന്ത്യൻ പൗരന്മാരാണ് സമ്മാനം നേടിയത്.

Read Also -  പ്രവാസി തൊഴിലാളികളുടെ യോഗ്യത പരിശോധിക്കാൻ ഇനി 'പ്രൊഫഷനൽ വെരിഫിക്കേഷൻ’

വാറ്റ് ഉൾപ്പെടെ 500 ദിർഹമാണ് ബിഗ് ടിക്കറ്റ് മില്യനയർ ടിക്കറ്റ് നിരക്ക്. മഹ്സൂസിൽ ടിക്കറ്റിന് പകരം 35 ദിർഹം നല്‍കി കു‌ടിവെള്ള ബോട്ടിലും എമിറേറ്റ്സ് ഡ്രോയ്ക്ക് 25 ദിർഹം വരെ നൽകി പെൻസിലും വാങ്ങിയാല്‍ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാം. 

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് (ഡിഎസ്എഫ്) നടന്നിരുന്ന നറുക്കെടുപ്പുകളിൽ സമ്മാനത്തുകയിൽ നിന്ന് ഒരു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് നൽകാൻ അധികൃതർ അഭ്യർഥിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുഎഇയിലെ നറുക്കെടുപ്പുകളിൽ സമ്മാനം ലഭിക്കുന്നവരോട് അങ്ങനെയുള്ള അഭ്യർഥനകളൊന്നും ഉണ്ടാകാറില്ല. സമ്മാനത്തുക മുഴുവന്‍ ലഭിക്കുമെങ്കിലും കേരളത്തിലെ പോലെ തന്നെ ഭാഗ്യവാനെ അറിഞ്ഞാല്‍ പിന്നാലെ കൂടാന്‍ നിരവധി പേരുണ്ടെന്നാണ് യുഎഇ നറുക്കെടുപ്പുകളില്‍ വിജയിച്ച മലയാളികളുടെയും അനുഭവം. ഭാഗ്യശാലിയുടെ നമ്പര്‍ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചാണ് ഫോണ്‍ വിളികള്‍ എത്തുക. അഭിനന്ദിക്കാനായി വിളിച്ച് ഒടുവില്‍ സാമ്പത്തിക സഹായം വേണമെന്ന ആവശ്യത്തില്‍ എത്തി നില്‍ക്കും. പ്രതീക്ഷിച്ച മറുപടി ലഭിച്ചില്ലെങ്കില്‍ സ്വരം കടുപ്പിക്കലും ദേഷ്യത്തോടെയുള്ള സംസാരവുമൊക്കെ ഉണ്ടാകും. 

Read Also -  പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുന്നതായി അറിയിച്ച് വിമാന കമ്പനി

വിജയിയെ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഫോണ്‍ വിളിച്ചും സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയും ഭാഗ്യശാലിക്ക് ഇ മെയില്‍ വഴിയുമൊക്കെ  സമ്മാനവിവവരം അറിയിക്കും. ഒരു മാസത്തിനകം സമ്മാനത്തുക കൈമാറുന്നതാണ് രീതി. ഇതിനായി എമിറേറ്റ്‌സ് ഐഡി, ആവശ്യമായ മറ്റ് രേഖകള്‍ എന്നിവ നല്‍കണം. ടിക്കറ്റ് വാങ്ങാന്‍ ഉപയോഗിച്ച ബാങ്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം പണം കൃത്യമായി ബാങ്ക് അക്കൗണ്ടില്‍ വന്ന് ചേരുകയും ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

click me!