പിഴ ഒഴിവാക്കാന്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് പദ്ധതിയില്‍ ചേരണമെന്ന് മന്ത്രാലയം തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു.
അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനുള്ള സമയപരിധി അവസാനിച്ചു. ഇന്നു മുതല്‍ 400 ദിര്‍ഹം പിഴ ഈടാക്കും. പദ്ധതിയില്‍ അംഗമാകാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പിഴ ഒഴിവാക്കാന്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് പദ്ധതിയില്‍ ചേരണമെന്ന് മന്ത്രാലയം തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. അംഗമായ ശേഷം തുടര്‍ച്ചയായി മൂന്ന് മാസം വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാലും അംഗത്വം റദ്ദാകും. ഇതിന് പുറമെ 200 ദിര്‍ഹം പിഴയും അടയ്‌ക്കേണ്ടി വരും. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും നിയമം ബാധകമാണ്.
ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വന്ന പദ്ധതിയില്‍ 57 ലക്ഷം തൊഴിലാളികള്‍ ഇതുവരെ അംഗമായിട്ടുണ്ട്. ബിസിനസുകാര്‍, തൊഴില്‍ ഉടമകള്‍, ഗാര്‍ഹിക തൊഴിലാളികള്‍, താല്‍ക്കാലിക കരാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവുണ്ട്. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം തുക മൂന്ന് മാസത്തേക്ക് നഷ്ടപരിഹാരമായി നല്‍കുന്നതാണ് പദ്ധതി. 16,000 ദിര്‍ഹം വരെ മാസ ശമ്പളം ഉള്ളവര്‍ക്ക് മാസത്തില്‍ 5 ദിര്‍ഹവും 16,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് മാസത്തില്‍ 10 ദിര്‍ഹവുമാണ് ഇന്‍ഷുറന്‍സ് പ്രീമിയം.
പദ്ധതിയുടെ വിശദ വിവരങ്ങള്‍
സ്വകാര്യ മേഖലയിലും ഫെഡറല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഫ്രീ സോണുകളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് ഇന്‍വോളന്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് (ഐഎല്‍ഒഇ) പദ്ധതിയില്‍ ചേരണമെന്നായിരുന്നു അറിയിപ്പ്. തൊഴില്‍ നഷ്ടപ്പെട്ട് വരുമാനം നിലച്ചാല്‍ പരിമിതമായ കാലയളവിലേക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. കുറഞ്ഞ ചെലവില്‍ തൊഴില്‍ രഹിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി.
പദ്ധതിയില്‍ ചേരാത്ത ജീവനക്കാര്‍ പിഴ അടയ്ക്കണം. നിശ്ചിത തീയതി മുതല്‍ മൂന്ന് മാസത്തേക്ക് പിഴ അടയ്ക്കാന്‍ പരാജയപ്പെട്ടാല്‍ തുക അവരുടെ വേതന സംരക്ഷണ സംവിധാനം, എന്‍ഡ് ഓഫ് സര്‍വീസ് ഗ്രാറ്റുവിറ്റി അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗം എന്നിവയിലൂടെ ഈടാക്കും. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ എല്ലാ പിഴകളും അടക്കുന്നതുവരെ ജീവനക്കാരന് പുതിയ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
നിക്ഷേപകര്‍ (ജോലി ചെയ്യുന്ന കമ്പനികളുടെ ഉടമകളായവര്‍), ഗാര്‍ഹിക സഹായികള്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്നവരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read Also- പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പ്രതിദിന നോണ്‍സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ഐ.എല്‍.ഒ.ഇ വെബ്‌സൈറ്റും ആപ്പും വഴി സ്‌കീമില്‍ ചേരാം. കൂടാതെ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്, വ്യാപാര കേന്ദ്രങ്ങള്‍ തവ്ജീഹും തഷീലും, ഇത്തിസലാത്ത്, കിയോസ്‌കുകള്‍ (യുപേ, എം.ബി.എം.ഇ പേ), ബോട്ടിം തുടങ്ങിയവ വഴിയും പദ്ധതിയില്‍ അംഗമാകാം.
അംഗമാകുന്നവര്‍ക്ക് അച്ചടക്ക നടപടിയോ രാജിയോ ഒഴികെയുള്ള കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടാല്‍, മൂന്ന് മാസം വരെ സാമ്പത്തിക സഹായം ലഭിക്കുന്നതാണ് പദ്ധതി. കുറഞ്ഞത് 12 മാസമെങ്കിലും സ്‌കീമില്‍ വരിക്കാരായിട്ടുണ്ടെങ്കില്‍ മാത്രമേ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ. രണ്ട് വിഭാഗങ്ങളിലായാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കുന്നത്. ആദ്യ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ താഴെയോ ആണെങ്കില്‍ പ്രതിമാസം അഞ്ച് ദിര്‍ഹവും വാറ്റുമാണ് പ്രീമിയം. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം അല്ലെങ്കില്‍ പ്രതിമാസം 10,000 ദിര്‍ഹം വരെയാണ് നഷ്ടപരിഹാരം ലഭിക്കുക. രണ്ടാം വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തിന് മുകളിലുള്ളവര്‍ക്ക് പ്രതിമാസ പ്രീമിയം പത്ത് ദിര്‍ഹവും വാറ്റുമാണ്. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം അല്ലെങ്കില്‍ പ്രതിമാസം 20,000 ദിര്‍ഹം വരെയാണ് ആനുകൂല്യം. ഗുണഭോക്താവിന് പുതിയ ജോലി ലഭിച്ചാലോ ഗുണഭോക്താവ് യു.എ.ഇ വിട്ടാലോ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...