ഉറങ്ങാന്‍ കിടക്കുന്നതിനിടെ വന്‍ പൊട്ടിത്തെറി, ശബ്ദം കേട്ടെത്തിയവരെ തീവിഴുങ്ങി; ദുരന്തത്തിന്‍റെ ഞെട്ടലില്‍ ദുബൈ

By Web Team  |  First Published Oct 19, 2023, 1:24 PM IST

ഫ്‌ലാറ്റില്‍ മൂന്ന് മുറികളിലായി 17 പേരാണ് താമസിച്ചിരുന്നത്. ഒരേ ഫ്‌ലാറ്റിലെ മൂന്ന് മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ മൊബൈല്‍ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴാണ് ഫ്‌ലാറ്റിലെ അടുക്കളയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.


ദുബൈ: ദുബൈ കരാമയിലെ ഫ്‌ലാറ്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലില്‍ പ്രവാസി മലയാളികള്‍. അപകടത്തില്‍ മരണം രണ്ടായി. ബര്‍ദുബൈ അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായിരുന്ന മലപ്പുറം തിരൂർ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല (38), ചികിത്സയിലായിരുന്ന തലശ്ശേരി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് (24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എട്ട് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 

ബുധന്‍ പുലര്‍ച്ചെ 12.20ന് കരാമ  'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. ഫ്‌ലാറ്റില്‍ മൂന്ന് മുറികളിലായി 17 പേരാണ് താമസിച്ചിരുന്നത്. ഒരേ ഫ്‌ലാറ്റിലെ മൂന്ന് മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ മൊബൈല്‍ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴാണ് ഫ്‌ലാറ്റിലെ അടുക്കളയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ശബ്ദം കേട്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങിയവരെ ഉള്‍പ്പെടെ തീ നാളങ്ങള്‍ പാഞ്ഞെത്തി തെറിപ്പിച്ചു. രണ്ട് പേര്‍ ബാത്‌റൂമുകളിലായിരുന്നു. ഇവര്‍ക്ക് ഗുരുതര പരിക്കേറ്റു.

Latest Videos

Read Also - ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളികൾക്ക് പരിക്കേറ്റു, മൂന്ന് പേരുടെ നില ഗുരുതരം

അപകടത്തിൽ കാണാതായവരെ തിരയുമ്പോഴാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ദുബൈ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നിധിന്‍ ദാസ് മരിച്ചത്. സന്ദര്‍ശക വിസയില്‍ ജോലി തേടിയെത്തിയ നിധിന്‍ ദാസിന് ഏറെ പരിശ്രമത്തിനൊടുവില്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ദുബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാനില്‍, നഹീല്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ദുബൈ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങൾ റാഷിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അടുത്തുള്ള ഫ്‌ലാറ്റിലെ രണ്ട് വനിതകള്‍ക്കും പരിക്കേറ്റതായാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

click me!