അവസാനയാത്രയ്ക്ക് മുമ്പ് നാലുപേരും ഒറ്റ ഫ്രെയിമില്‍; നൊമ്പരമായി പ്രവാസി മലയാളികള്‍

By Web Team  |  First Published Sep 2, 2023, 7:32 PM IST

ആലിയില്‍ വെള്ളിയാഴ്ച പത്ത് മണിയോടെയാണ് അപകടമുണ്ടായത്. മുഹറഖിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരായിരുന്നു അഞ്ച് പേരും. സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്ക് പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.


മനാമ: പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ മരണം. ഓണാഘോഷം കഴിഞ്ഞ് താമസസ്ഥലത്തേക്ക് പുറപ്പെട്ട നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ യാത്ര അവസാനയാത്ര ആയതിന്‍റെ ഞെട്ടലിലാണ് പ്രവാസികള്‍. ബഹ്‌റൈനിലെ ആലിയില്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ അഞ്ചുപേരാണ് മരിച്ചത്. ഇതില്‍ നാലുപേര്‍ മലയാളികളും ഒരാള്‍ തെലങ്കാന സ്വദേശിയുമാണ്.

ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നാല് മലയാളികളും ഹോസ്പിറ്റല്‍ സിഇഒയുടെ സഹായി ആയി പ്രവര്‍ത്തിക്കുന്ന തെലങ്കാന സ്വദേശിയുമാണ് അപകടത്തില്‍ മരിച്ചത്.  കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാക്കള്‍ മരിച്ചത്. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി പാറേക്കാടന്‍ ജോര്‍ജ് മകന്‍ ഗൈദര്‍ (28), കോഴിക്കോട് സ്വദേശി വി പി മഹേഷ് (34), പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍ (26), തെലങ്കാന സ്വദേശി സുമന്‍ രാജണ്ണ (27), പയ്യന്നൂര്‍ എടാട്ട് സ്വദേശി അഖില്‍ രഘു (28) എന്നിവരാണ് മരിച്ചത്. 

Latest Videos

 Read Also - കൈമാറി കിട്ടിയ വാഹനം പ്രവാസി മലയാളിയെ 'ജയിലിലാക്കി'; വിനയായത് ചെറിയ അശ്രദ്ധ, തടവും നാടുകടത്തലും ശിക്ഷ

ആലിയില്‍ വെള്ളിയാഴ്ച പത്ത് മണിയോടെയാണ് അപകടമുണ്ടായത്. മുഹറഖിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരായിരുന്നു അഞ്ച് പേരും. സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്ക് പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഓണാഘോഷം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഇവര്‍.ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷങ്ങളില്‍ സജീവമായിരുന്നു അപടത്തില്‍ മരിച്ച നാല് മലയാളികളും. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിനോദ പരിപാടികളില്‍ സജീവമായി പങ്കെടുത്ത നാല് മലയാളികളും ഒരു ഫ്രെയിമില്‍ ഉള്‍പ്പെട്ട ഫോട്ടോ നൊമ്പരമാകുകയാണ്. ഒരേ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്നത് കൊണ്ട് തന്നെ ഉറ്റ സുഹൃത്തുക്കളുമായിരുന്നു ഇവര്‍. മുഹറഖില്‍ ആശുപത്രിക്ക് അടുത്ത് തന്നെയാണ് അഞ്ചുപേരും താമസിച്ചിരുന്നത്. ഒരേ കാറില്‍ താമസസ്ഥലത്തേക്ക് പുറപ്പെട്ട അവരുടെ അവസാനയാത്രയായി അതെന്ന് പരിചയക്കാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

click me!