ഇന്ത്യൻ സ്കൂളുകൾ ഈ മാസം 31 ന് ശേഷമേ തുറക്കൂ
റിയാദ്: രണ്ടുമാസം നീണ്ട വേനലവധിക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങൾ ഞായറാഴ്ച തുറന്നു. സ്‌കൂളുകളിലെയും സർവകലാശാലകളിലെയും സാങ്കേതിക തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങളിലെയും 70 ലക്ഷം വിദ്യാർഥികൾ തിരികെയെത്തി. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 60 ലക്ഷം സ്കൂൾ വിദ്യാർഥികളാണ് ക്ലാസുകളിൽ മടങ്ങിയെത്തിയത്.
കോളജുകളിലെയും സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളിലുമായി 1,360,000 വിദ്യാർഥികളുമാണ് ഞായറാഴ്ച ക്ലാസുകളിൽ തിരിച്ചെത്തി പഠനം പുനരാരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ സൗദിയിലെ ഇന്ത്യൻ സ്കൂളുകൾ ഈ മാസം 31 ന് ശേഷമേ തുറക്കൂ. വേനൽ ചൂട് കടുത്ത നിലയിൽ തുടരുന്ന സാഹചര്യത്തിലാണ് ഇത്. അതെസമയം വർഷങ്ങൾക്ക് ശേഷം ഏറ്റവും കുറഞ്ഞ വേനലവധിയാണ് ഈ വർഷം സൗദി സ്കൂളുകളിലെ വിദ്യാർഥികൾക്ക് ലഭിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം മൂന്നു സെമസ്റ്റർ സംവിധാനം നടപ്പാക്കിയതിനാലാണ് വേനലവധി കുറഞ്ഞത്. നേരത്തേ മൂന്നു മാസവും അതിലധികവുമായിരുന്നു അവധിക്കാലമായി ലഭിച്ചത്.
ഇത്തവണ ഓരോ ടേം കഴിഞ്ഞ് കുറച്ചുദിവസം വീതം അവധി നൽകുന്ന രീതിയാണ് മന്ത്രാലയം നടപ്പാക്കിയത്. ആറായിരത്തിലധികം സ്‌കൂളുകളിൽ 12 ലക്ഷത്തിലധികം വിദ്യാർഥികൾ റിയാദ് പ്രവിശ്യയിൽ മാത്രം സ്‌കൂളുകളിൽ തിരിച്ചെത്തി. മദീന മേഖലയിൽ മൂന്നര ലക്ഷത്തിലധികം വിദ്യാർഥികളാണ് എത്തിയത്. കെ.ജി വിഭാഗങ്ങളടക്കം 1,814 വിദ്യാലയങ്ങളും 28,000-ത്തിലധികം അധ്യാപകരുമാണ് മദീന മേഖലയിലുള്ളതായി വിദ്യാഭ്യാസ ഡയറക്ടർ ജനറൽ നാസർ ബിൻ അബ്ദുല്ല അൽ അബ്ദുൽകരീം അറിയിച്ചു. വടക്കൻ അതിർത്തി മേഖലകളിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം വിദ്യാർഥികളാണ് ക്ലാസുകളിലെത്തി പഠനം പുനരാരംഭിച്ചതെന്ന് നോർത്തേൺ ബോർഡേഴ്‌സ് എജുക്കേഷൻ വക്താവ് അബ്ദുൽഹാദി അൽ ഷമ്മരി അറിയിച്ചു.
Read Also - ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കാതെ പ്രവാസികള്‍ക്ക് രാജ്യം വിടാനാകില്ല; തീരുമാനം അറിയിച്ച് അധികൃതര്‍
രണ്ടര ലക്ഷത്തിലധികം വിദ്യാർഥികൾ ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 1,200 സ്‌കൂളുകളിൽ ഹാജരായതായി പ്രവിശ്യാ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഫഹദ് ഒഖാല പറഞ്ഞു. തബൂക്ക് മേഖലയിലെ പൊതുവിദ്യാഭ്യാസ സ്കൂളുകളിലെ രണ്ട് ലക്ഷത്തിലധികം വിദ്യാർഥികളാണ് എത്തിയതെന്ന് മേഖല വിദ്യാഭ്യാസ ഡയറക്ടർ ജനറൽ മാജിദ് ബിൻ അബ്ദുറഹ്ാൻ അൽ ഖൈർ ചൂണ്ടിക്കാട്ടി. നജ്റാൻ മേഖല വിദ്യാഭ്യാസ വകുപ്പിെൻറ കീഴിലുള്ള 820 സ്‌കൂളുകളിൽ 1,61,000 ലധികം വിദ്യാർഥികളാണുള്ളതെന്ന് മേഖലയിലെ വിദ്യാഭ്യാസ ഡയറക്ടർ ജനറൽ മൻസൂർ അബ്ദുല്ല അൽ ഷുറൈം വ്യക്തമാക്കി. പടിഞ്ഞാറൻ പ്രവിശ്യയിലുൾപ്പെട്ട ജിദ്ദ മേഖലയിലെ സ്കൂളുകളിൽ ഏഴ് ലക്ഷം വിദ്യാർഥികളാണ് ഹാജരായതെന്ന് മേഖല പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറൽ മനാൽ അൽ ലുഹൈബി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ