താമസസ്ഥലങ്ങള്‍ക്ക് സമീപം തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്.
അബുദാബി: പരസ്യമായി മദ്യപിച്ച മലയാളികളടക്കം നിരവധി വിദേശികള്‍ അബുദാബിയില്‍ അറസ്റ്റില്‍. മുസഫ ഷാബിയ 12ല്‍ ഇന്നലെ നടന്ന പരിശോധനയിലാണ് പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചവര്‍ പിടിയിലായത്. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
താമസസ്ഥലങ്ങള്‍ക്ക് സമീപം തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. പരസ്യ മദ്യപാനത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. ലേബര്‍ ക്യാമ്പ്, ബാച്ചിലേഴ്‌സിന്റെ താമസ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. കോടതി വിധി പ്രകാരം തടവുശിക്ഷയോ പിഴയോ ഇവ രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കും. വ്യക്തിഗത ആവശ്യത്തിന് മദ്യം വാങ്ങാന്‍ (മുസ്ലിം അല്ലാത്തവര്‍ക്ക്)യുഎഇയില്‍ അനുമതിയുണ്ട്. എന്നാല്‍ തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിക്കരുത്.
താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപാനം അനുവദിക്കും. വ്യക്തികള്‍ മദ്യം വില്‍ക്കുന്നതും വാങ്ങി ശേഖരിക്കുന്നതും നിയമലംഘനമാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് തടവും 50,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. എന്നാല്‍ ഷാര്‍ജ എമിറേറ്റില്‍ മദ്യം വാങ്ങുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്.
Read Also - ഉയര്‍ന്ന വരുമാനം, ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ്; പട്ടികയില്‍ ആദ്യ പത്തില്‍ ഈ ഗള്‍ഫ് രാജ്യങ്ങളും
രണ്ടു വര്‍ഷത്തിനിടെ പിടികൂടിയത് 400 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം
അബുദാബി: അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ രണ്ടു വര്‍ഷത്തിനിടെ 400 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം പിടികൂടാനായെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. ഇക്കാലയളവില്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട 521 കേസുകള്‍ പരിഹരിക്കാന്‍ സാധിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആഗോള തലത്തില്‍ തിരയുന്ന 387 അന്താരാഷ്ട്ര സാമ്പത്തിക കുറ്റവാളികള്‍ പിടിയിലായിട്ടുമുണ്ട്. കള്ളപ്പണത്തിന്റെ ഉറവിടങ്ങള്‍, അവയുടെ നീക്കങ്ങള്‍, ഗുണഭോക്താക്കള്‍, ക്രിമിനല്‍ ശൃംഖലകള്‍ എന്നിവ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവന്നതായും മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 55 ശതമാനത്തിലും അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാനായെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്റര്‍പോള്‍, യൂറോപോള്‍, ദ് ഗള്‍ഫ് പൊലീസ് അതോറിറ്റി, അമന്‍ ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് എന്നീ രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സികള്‍ ഓപ്പറേഷനുകളില്‍ സഹകരിച്ചു.
Read Also - യാത്രാക്കാര്‍ കൂടുന്നു; ആഴ്ചയില്‍ അഞ്ചു ദിവസം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍
മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള യുഎന്നിന്റെ പ്രത്യേക ഓഫീസുമായി സഹകരിച്ച് 2022 നവംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ 1628 ഇന്റലിജന്‍സ് വിവരങ്ങളും ആഭ്യന്തര മന്ത്രാലയം കൈമാറി.
ഐക്യരാഷ്ട്ര സംഘടനയുടെ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം ഓഫീസുമായി സഹകരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായി കള്ളപ്പണ വെളുപ്പിക്കല്‍, തീവ്രവാദ പണം കണ്ടെത്തല്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലന ക്ലാസ് നല്‍കിയിരുന്നു. സാമ്പത്തിക കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട 116 ഉദ്യോഗസ്ഥര്‍ ഇതിന്റെ ഭാഗമായി. സുരക്ഷിത സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും യുഎഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍നഹ്യാന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...