കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്ധന വിതരണം നിര്‍ത്തിയതാണ് വിമാന കമ്പനിക്ക് തിരിച്ചടിയായത്.
കറാച്ചി: ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലായി നിരവധി വിമാനങ്ങള്‍ റദ്ദാക്കി പാകിസ്ഥാന്റെ ദേശീയ വിമാന കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ). ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലായി 50ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്.
കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്ധന വിതരണം നിര്‍ത്തിയതാണ് വിമാന കമ്പനിക്ക് തിരിച്ചടിയായത്. കുടിശ്ശിക അടച്ചില്ലെന്ന കാരണത്തില്‍ പിഎസ്ഒ (പാകിസ്ഥാന്‍ സ്റ്റേറ്റ് ഓയില്‍) വിമാന കമ്പനിക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ചത്.
പരിമിതമായ ഇന്ധന ലഭ്യതയും ഓപ്പറേഷണല്‍ പ്രശ്‌നങ്ങളും മൂലം ചില വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റ് ചിലതിന്റെ പുറപ്പെടല്‍ സമയം റീഷെഡ്യൂള്‍ ചെയ്തതായും പിഐഎ വക്താവിനെ ഉദ്ധരിച്ച് 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു. 13 ആഭ്യന്തര സര്‍വീസുകളും 11 അന്താരാഷ്ട്ര സര്‍വീസുകളും ഇന്ധനം ലഭ്യമല്ലാത്തതിനാല്‍ ചൊവ്വാഴ്ച റദ്ദാക്കി. 12 വിമാനങ്ങള്‍ വൈകി. ബുധനാഴ്ച 16 അന്താരാഷ്ട്ര വിമാനങ്ങളും എട്ട് ആഭ്യന്തര വിമാനങ്ങളും റദ്ദാക്കി. അബുദാബി, ദുബൈ, ഷാര്‍ജ, കുവൈത്ത്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ളതാണ് റദ്ദാക്കിയ വിമാനങ്ങള്‍.
റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവരെ മറ്റ് വിമാനങ്ങളില്‍ അയച്ചിട്ടുണ്ടെന്നും പിഐഎ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുകയോ പിഐഎ ഓഫീസുകള്‍ സന്ദര്‍ശിക്കുകയോ ട്രാവല്‍ ഏജന്റുമാരുമായി ബന്ധപ്പെട്ടോ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാന കമ്പനി അഭ്യര്‍ത്ഥിച്ചു.
Read Also - ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളികൾക്ക് പരിക്കേറ്റു, മൂന്ന് പേരുടെ നില ഗുരുതരം
കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നുള്ള കണ്ണൂര്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. കുവൈത്ത്-കണ്ണൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇനി ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ ഉണ്ടാകും. നിലവില്‍ വ്യാഴാഴ്ച മാത്രമാണ് സര്‍വീസുള്ളത്.
ഒക്ടോബര്‍ 30 മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും ഒരു സര്‍വീസ് കൂടി ഉണ്ടാകും. തിങ്കളാഴ്ചകളില്‍ രാവിലെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തില്‍ എത്തും. തിരികെ കുവൈത്തില്‍ 8.40ന് പുറപ്പെട്ട് വൈകിട്ട് നാലിന് കണ്ണൂരിലെത്തും. കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തിയിരുന്ന ഗോഫസ്റ്റ് നിലച്ചതോടെ യാത്രക്കാര്‍ക്ക് ദുരിതമായിരുന്നു. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഈ സെക്ടറിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം