ഇക്കാമയോ മറ്റു രേഖകളോ ഇല്ലാതെയായിരുന്നു ഇക്കാലമത്രയും ജോലി ചെയ്തിരുന്നത്. റിയാദിലെത്തി ആദ്യ മൂന്ന് വർഷം പിന്നിട്ടപ്പോൾ സ്പോൺസർ മരണമടയുകയും അതോടെ പാസ്പോർട്ട് നഷ്ട്ടപ്പെടുകയും ചെയ്തു.
റിയാദ്: മുപ്പത്തി ഒന്ന് വർഷം മുൻപ് റിയാദിലെത്തിയ കൊല്ലം പുനലൂർ സ്വദേശി ബാലചന്ദ്രൻ പിള്ള നാടണയാനൊരുങ്ങുന്നു. ഇലക്ട്രിക്കൽ- പ്ലംബിങ് ജോലിക്കായി 1992ൽ റിയാദിലെ അൽ ഖർജിലെത്തിയ ബാലചന്ദ്രൻ പിന്നീട് നാട്ടിൽ പോയിട്ടില്ല.
ആദ്യ കുറച്ചു വർഷങ്ങളിൽ അൽ ഖർജിൽ ജോലി ചെയ്തിരുന്നു എങ്കിലും പിന്നീട് റിയാദിന്റെ വിവിധ പ്രദേശകളിലേക്ക് ജോലിയുമായി ബന്ധപ്പെട്ട് പോവുകയായിരുന്നു. ഇക്കാമയോ മറ്റു രേഖകളോ ഇല്ലാതെയായിരുന്നു ഇക്കാലമത്രയും ജോലി ചെയ്തിരുന്നത്. റിയാദിലെത്തി ആദ്യ മൂന്ന് വർഷം പിന്നിട്ടപ്പോൾ സ്പോൺസർ മരണമടയുകയും അതോടെ പാസ്പോർട്ട് നഷ്ട്ടപ്പെടുകയും ചെയ്തു. പിന്നീട് പാസ്‌പോർട്ടിന് വേണ്ടിയോ ഇക്കാമക്ക് വേണ്ടിയോ ശ്രമിച്ചിലെന്ന് ബാലചന്ദ്രൻ പറയുന്നു.
തുടർന്നിങ്ങോട്ട് നീണ്ട 20 വർഷത്തോളം റിയാദിന്റെ പല ഭാഗങ്ങളിലായി ജോലി ചെയ്തു. നീണ്ട കാലം ഒരിടത്തു തന്നെ ജോലി ചെയ്യുന്ന പ്രകൃതം ബാലചന്ദ്രന് ഇല്ലായിരുന്നു. അതിനാൽ തന്നെ ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൂട്ടുകാർക്കും അറിയില്ലായിരുന്നു. 2019 - 20 കൊറോണ കാലഘട്ടത്തിലാണ് ബാലചന്ദ്രൻ നിയമ കുരുക്കിൽ പെടുന്നത്. കൊറോണ പിടിപെട്ട ഇയാൾക്ക് രേഖകൾ ഇല്ലാത്തത് കാരണം ശരിയായ ചികിത്സ തേടാനായില്ല.
സ്വയം ചികിത്സയും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും സുഹൃത്തുക്കൾ വഴിയും മരുന്നുകൾ തരപ്പെടുത്തിയും കൊറോണയെ അതിജീവിച്ചു. എങ്കിലും ആരോഗ്യം വീണ്ടെടുക്കാനായില്ല. ഇതോടെ നാട്ടിൽ പോകുന്നതിനുള്ള ആലോചന തുടങ്ങി. റിയാദിലെ മിക്ക മലയാളി സംഘടനകളെയും സമീപിച്ചു. പക്ഷെ മുപ്പത് വർഷം മുമ്പ് റിയാദിൽ എത്തിയതായി തെളിയിക്കുന്ന ഒരു രേഖകളും ഹാജരാക്കാൻ ബാലചന്ദ്രന് സാധിച്ചില്ല. കൂടാതെ അസുഖ ബാധിതനാവുകയും ചെയ്തു. രേഖകൾ ഇല്ലാത്തതിനാൽ ചികിത്സക്ക് ബുദ്ധിമുട്ടാകും എന്നതിനാലും, ചികിൽസ തരപ്പെടുത്തിയാൽതന്നെ ഇൻഷൂറൻസ് ഇല്ലാത്തതിനാൽ ഭീമമായ സാമ്പത്തീക ചിലവ് വഹിക്കേണ്ടി വരും എന്നതിനാലും മുന്നോട്ട് വന്നവരെല്ലാം പിന്മാറുകയായിരുന്നു.
തുടർന്നാണ് ബാലചന്ദ്രന്റെ ദയനീയ അവസ്‌ഥ സുഹൃത്തുക്കൾ കേളി കലാ സാംസ്കാരിക വേദി പ്രവർത്തകരെ അറിയിക്കുന്നത്. കേളി പ്രവർത്തകർ ജീവൻ രക്ഷിക്കാനാവശ്യമായ ചികിത്സാ ഉറപ്പാക്കി ഹയാത്ത് നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്ത്യൻ എംബസ്സിയിൽ വിവരം ധരിപ്പിക്കുകയും ചെയ്തു. എംബസ്സിയുടെ അവസരോചിതമായ ഇടപെടലിൽ പൂർണമായ ചികിത്സ ഉറപ്പു വരുത്തുകയും കൂടുതൽ ഉയർന്ന ചികിത്സക്കയി സുമേഷിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മറ്റുകയും ചെയ്തു.
സമാന്തരമായി കേളി ജീവകാരുണ്യ വിഭാഗം ഇദ്ദേഹത്തിന്റെ രേഖകൾ ശരിയാക്കുന്നതിനായി ലർബർ കോർട്ട്, തർഹീൽ എന്നിവിടങ്ങളിൽ അപേക്ഷ നൽകി. സൗദിയിലെത്തിയതിന്റെ ഒരു തെളിവും ഹാജരാക്കുന്നതിന് സാധിക്കാത്തതിനാൽ രണ്ടു തവണ ലേബർ കോർട്ട് അപേക്ഷ തള്ളി. തുടർന്ന് തർഹീൽ വഴി വിരലടയാളം എടുക്കനുള്ള ശ്രമം നടത്തി. മൂന്നാം തവണ ശ്രമം വിജയിക്കുകയും വിരലടയാളം പതിച്ചു കിട്ടുകയും ചെയ്തു. ഇനി ആരോഗ്യ സ്ഥിതി വീണ്ടെടുക്കുകയും എംബസ്സിയുടെ നടപടി ക്രമങ്ങൾ പൂർത്തിയാകുകയും ചെയ്യുന്ന മുറക്ക് ബാലചന്ദ്രന് നാടണയാൻ സാധിക്കും.
Read Also - യുകെയില്‍ തൊഴില്‍ അവസരങ്ങള്‍; അഭിമുഖങ്ങള്‍ അടുത്ത മാസം, വിശദ വിവരങ്ങള്‍
31 വർഷം മുമ്പ് നാട് വിടുന്ന വേളയിൽ ഭാര്യയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്ന ബാലചന്ദ്രൻ അവരെ വേണ്ട വിധം സംരക്ഷിച്ചില്ല എന്ന പരാതിയുള്ള വീട്ടുകാർ ഇദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറാല്ല എന്ന് അറിയിച്ചതിനാൽ കേരള സർക്കാരിന് കീഴിലെ ഏതെങ്കിലും വൃദ്ധ സദനത്തിൽ എത്തിക്കാനാണ് കേളി പ്രവർത്തകർ ഉദ്ദേശിക്കുന്നത്. അതിനായി കേരള പ്രവാസി സംഘം കൊല്ലം ജില്ലാ ഘടകവുമായി ചേർന്ന് വേണ്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ