യുഎഇ സ്വപ്ന രാജ്യമായി കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികള്‍ നിരവധിയാണ്. പലരും വിസിറ്റ് വിസയില്‍ രാജ്യത്തെത്തി ജോലി അന്വേഷിക്കാമെന്ന് കരുതുന്നവരുമാണ്. യുഎഇ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ നിരന്തരം നിരസിക്കപ്പെടുന്നുണ്ടെങ്കില്‍ ഈ കാര്യം ശ്രദ്ധിക്കുക.
അബുദാബി: യുഎഇ സന്ദര്‍ശന വിസ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്ന ധാരാളം പേരുടെ അപേക്ഷകള്‍ നിരസിക്കപ്പെടാറുണ്ട്. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചിട്ടും വീണ്ടും വീണ്ടും അപേക്ഷകള്‍ തള്ളപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നു. എന്താണ് ഇതിന് കാരണമെന്ന് അറിയാം.
യുഎഇ വിസിറ്റ് വിസ ലഭിക്കുന്നതിന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ കൃത്യമായി പാലിക്കണം. മടക്കയാത്ര ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ്, പണം കൈവശമുള്ളതിന്‍റെ രേഖ എന്നിവ അനിവാര്യമാണെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി. യുഎഇയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ സന്ദര്‍ശക വിസക്കാരും ഈ നിബന്ധനകള്‍ പാലിച്ചിരിക്കണം. ആവശ്യമായ പണം കൈവശം വേണം, ഹോട്ടല്‍ ബുക്കിങ് രേഖയോ താമസിക്കുന്ന സ്ഥലം വ്യക്തമാക്കുന്ന രേഖയോ ഹാജരാക്കണം. ഇതിന് പുറമെ ടൂറിസ്റ്റ് വിസ തീരുന്നതിന് മുമ്പുള്ള മടക്കയാത്രയുടെ ടിക്കറ്റും ഹാജരാക്കണമെന്ന് യുഎഇ ഇമ്മിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
undefined
നിയന്ത്രണങ്ങള്‍ കുറവായതിനാല്‍ യുഎഇയിലേക്ക് പ്രവേശനം താരതമ്യേന ലളിതമാണ്. എന്നാല്‍ പല ആളുകളും യുഎഇയിലെത്തുന്നത് ജോലി കണ്ടെത്തുന്നതിനാണ്. പക്ഷേ യുഎഇ സര്‍ക്കാരിന് ആവശ്യം ഈ രണ്ട് കാര്യങ്ങളെയും വേര്‍തിരിച്ച് കാണുകയാണ്. അതായത് രാജ്യം സന്ദര്‍ശിച്ച് കൃത്യസമയത്ത് മടങ്ങുന്ന ടൂറിസ്റ്റുകളെയാണ് സന്ദര്‍ശക വിസയിലൂടെ യുഎഇ ലക്ഷ്യമിടുന്നതെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
Read Also - പെട്ടി പാക്ക് ചെയ്തോ...ഇന്ത്യക്കാർക്ക് വിസ വേണ്ട, ഇളവ് നീട്ടി ഈ രാജ്യം
ദശലക്ഷക്കണക്കിന് ആളുകളാണ് എല്ലാ വര്‍ഷവും യുഎഇ സന്ദര്‍ശിക്കുന്നത്, പ്രത്യേകിച്ച് ദുബൈയിലെത്തുന്നത്. രാജ്യം സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്കായി യുഎഇയും മറ്റ് എല്ലാ വികസിത രാജ്യങ്ങളും ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് പാലിച്ചാല്‍ മാത്രമേ രാജ്യത്തെ സന്ദര്‍ശക വിസ ലഭിക്കുകയുള്ളൂ. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലെ വരെയുള്ള കാലയളവില്‍ ദുബൈയിലെത്തിയത് 10.62 ദശലക്ഷം ടൂറിസ്റ്റുകളാണ്. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 8 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
വ്യാജ വിമാന, ഹോട്ടല്‍ ബുക്കിങ് രേഖകള്‍ സമര്‍പ്പിക്കുന്നതാണ് വിസ അപേക്ഷ തള്ളിപ്പോകുന്നതിനുള്ള പ്രധാന കാരണമെന്ന് അറബ് വേള്‍ഡ് ടൂറിസം ഓപ്പറേഷന്‍സ് മാനേജര്‍ ഷെരാസ് ഷറഫിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിസാ നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ വേരിഫിക്കേഷനില്‍ ഇക്കാര്യം മനസ്സിലാകുകയും അപേക്ഷ നിരസിക്കപ്പെടുകയും ചെയ്യുന്നു. അപൂര്‍ണമായ രേഖകളും വിസ നിരസിക്കാന്‍ കാരണമാണ്. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നതിനെതിരെ അധികൃതര്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മടക്കയാത്ര ടിക്കറ്റും പണവും പോലുള്ള രേഖകളും അപേക്ഷകര്‍ ഹാജരാക്കണം. ദുബൈ സന്ദര്‍ശിക്കണമെന്ന് സത്യസന്ധമായി ആഗ്രഹിക്കുന്ന ഏതൊരു വിനോദസഞ്ചാരിക്കും ശരിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ വിസ നിരസിക്കപ്പെടില്ലെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി. മറ്റൊരു പ്രധാന കാര്യം നിങ്ങള്‍ സമീപിക്കുന്ന ട്രാവല്‍ ഏജന്‍സിയാണ്. ഈ രംഗത്ത് പരിചയസമ്പന്നരായ, വിസ, ഇമ്മിഗ്രേഷന്‍ വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്ന വിശ്വാസ്യതയുള്ള ട്രാവല്‍ ഏജന്‍സികളെ സമീപിക്കുക.