കൈക്കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സൗകര്യമൊരുക്കി, നഴ്‌സുമാരെ മോചിപ്പിക്കാന്‍ ശ്രമം പുരോഗമിക്കുന്നതായി വി മുരളീധരന്‍

By Web Team  |  First Published Sep 18, 2023, 8:40 PM IST

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൈക്കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്ക് കുഞ്ഞുങ്ങളെ കാണാനും മുലയൂട്ടാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


ദില്ലി: കുവൈത്തില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശകാര്യ മന്ത്രാലയവും കുവൈത്തിലെ ഇന്ത്യന്‍ എംബസിയും ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൈക്കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്ക് കുഞ്ഞുങ്ങളെ കാണാനും മുലയൂട്ടാനുമുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മുലയൂട്ടുന്ന അമ്മമാരായ അഞ്ച് നഴ്സുമാർ‌ അറസ്റ്റിലായവരിലുണ്ട്. അവര്‍ക്ക് കുഞ്ഞുങ്ങള്‍ക്കൊപ്പം കഴിയുന്നതിനാവശ്യമായ അനുവാദത്തിന് വേണ്ടി ചര്‍ച്ചകള്‍ നടത്തുന്നതായും മന്ത്രി പറഞ്ഞു. 

Latest Videos

അടിയന്തര നടപടി സ്വീകരിക്കാന്‍ കുവൈത്ത് എംബസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുവൈത്ത് സര്‍ക്കാരുമായി അവര്‍ നിരന്തരം ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു. പിടിയിലായ 60 അംഗ സംഘത്തില്‍ 34 ഇന്ത്യക്കാരാണുള്ളതെന്നും മന്ത്രി പറഞ്ഞു.

Read Also - 19 പ്രവാസി മലയാളി നഴ്സുമാര്‍ ഉൾപ്പെടെ 30 ഇന്ത്യക്കാര്‍ അറസ്റ്റിൽ; പിടിയിലായതില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മമാരും

പത്തൊമ്പത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നഴ്സുമാരാണ് കുവൈത്തിൽ അറസ്റ്റിലായത്. ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പരിശോധനയില്‍ ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കുവൈത്തില്‍ ജോലി ചെയ്യാനുള്ള ലൈസന്‍സോ യോഗ്യതയോ  ഇവര്‍ക്കില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇവര്‍ ജോലിക്ക് യോഗ്യരാണെന്നും ശരിയായ തൊഴില്‍ വിസയും സ്പോണ്‍സര്‍ഷിപ്പും ഉള്ളവരാണെന്നുമാണ് മലയാളി നഴ്സുമാരുടെ കുടുംബാംഗങ്ങള്‍ അവകാശപ്പെടുന്നത്.

മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്‌സുമാർ അറസ്റ്റിലായത്. അറസ്റ്റിലായ നഴ്സുമാരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. മൂന്ന് മുതല്‍ 10 വര്‍ഷം വരെ ഇതേ ക്ലിനിക്കില്‍ ജോലി ചെയ്യുന്നവരാണ് മിക്കവരും. ഫിലീപ്പീന്‍സ്, ഈജിപ്ത്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായിട്ടുണ്ട്.

സുരക്ഷാ പരിശോധനയിൽ താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന പേരില്‍ ആകെ 60 പേരാണ് പിടിയിലായി. അറസ്റ്റിലായ മലയാളി നഴ്‌സുമാരിൽ പിഞ്ചുകുഞ്ഞുങ്ങളുമായി എത്തിയ നിരവധി സ്ത്രീകളുമുണ്ട്. വിസ ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്നാണ് അറസ്റ്റിലായവരുടെ ബന്ധുക്കൾ അവകാശപ്പെടുന്നത്. ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. അടുത്തിടെ ആശുപത്രി ഉടമയും സ്‌പോൺസറും തമ്മിലുണ്ടായ തർക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

click me!