വന്നിറങ്ങിയ ഉടനെ ബാഗേജെടുത്ത് കടന്നുപോകാവുന്ന അത്ര എളുപ്പമായിരിക്കണം രാജ്യത്തേക്കും പുറത്തേക്കുമുള്ള യാത്രകൾ. എമിഗ്രേഷൻ, ക്ലിയറൻസിനായി യാത്രക്കാരെ വരിനിർത്തി മുഷിപ്പിക്കുന്നത് എന്നേ അവസാനിപ്പിച്ച ദുബായുടെ ചിന്തകൾ ഈ വഴിക്കാണ്.
ദുബൈ: രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടുള്ളവർക്കറിയാം എയർപോർട്ടുകളിലെ പരിശോധനയുടെ കടുപ്പം. തോക്കു പിടിച്ച് നിൽക്കുന്നവർക്ക് മുന്നിൽ കൈ ഉയർത്തി നിർത്തി ദേഹം മുഴുവൻ പരതി, വരിനിന്ന് ക്ലിയറൻസ് തീർത്ത്, ചോദ്യങ്ങളും ഉത്തരവും കഴിഞ്ഞ് വേണം സമാധാനമായി യാത്ര ചെയ്യാൻ. ദുബായ് ഈ രീതികൾ എന്നേ ഒഴിവാക്കിയതാണ്. ഇന്നിപ്പോൾ യാത്രക്കാരന്റെ ദേഹത്തൊന്ന് തൊട്ടുനോക്കുക പോലും ചെയ്യാതെ, പാസ്പോർട്ട് പോലും വേണ്ടാതെ വിമാന യാത്ര ചെയ്യാവുന്ന പുതിയ വഴികൾ തുടങ്ങിയിരിക്കുകയാണ് ദുബായ്.
23 വർഷം മുൻപ് ലോകത്ത് തന്നെ ആദ്യമായി എയർപോർട്ടുകളിൽ ഇലക്ട്രോണിക് ഗേറ്റുകൾ നടപ്പാക്കിയ വിമാനത്താവളമാണ് ദുബായ് എയർപോർട്ട്. ആഗസ്ത് 28ന് പീക്ക് അലർട്ട് ദിവസം ദുബായ് എയർപോർട്ട് നൽകിയ അറിയിപ്പ് ശ്രദ്ധേയമാണ്. നാല് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് വരി നിൽക്കാതെസ്വന്തമായി ഇലക്ട്രോണിക് കൊണ്ടറിൽ പാസ്പോർട്ട് സ്കാൻ ചെയ്യാം. അത്ര അപ്ഡേറ്റഡ്.
ഇന്ന്, മാറുന്ന ലോകത്ത് അതും പോരെന്ന് ദുബായ് കണക്കുകൂട്ടുന്നു. ഒരു പക്ഷെ കോവിഡ് മഹാമാരി വീണ്ടും വന്നാലും ഇല്ലെങ്കിലും, ദേഹം തൊട്ടുള്ള പരിശോധനകൾ അവസാനിപ്പിക്കാൻ കാലമായി. കൈയിൽ കരുതുന്ന പാസ്പോർട്ടുകളുടെ കാലം കഴിഞ്ഞു. വന്നിറങ്ങിയ ഉടനെ ബാഗേജെടുത്ത് കടന്നുപോകാവുന്ന അത്ര എളുപ്പമായിരിക്കണം രാജ്യത്തേക്കും പുറത്തേക്കുമുള്ള യാത്രകൾ. എമിഗ്രേഷൻ, ക്ലിയറൻസിനായി യാത്രക്കാരെ വരിനിർത്തി മുഷിപ്പിക്കുന്നത് എന്നേ അവസാനിപ്പിച്ച ദുബായുടെ ചിന്തകൾ ഈ വഴിക്കാണ്.
അമേരിക്ക, സിംഗപ്പൂർ അങ്ങനെ ലോകത്തെ മുൻനിര എയർപോർട്ടുകളുള്ള രാജ്യങ്ങളിൽ നിന്ന് വിദഗ്ദരെ ദുബായ് ക്ഷണിച്ചു. മദിനത് ജുമൈറയിൽ ആഗോള സമ്മേളനത്തിൽ പോർട്ടുകളുടെ രീതികൾ തന്നെ മാറ്റിമറിക്കുന്ന കാഴ്ച്ചപ്പാടുകളുണ്ടായി. കോവിഡ് പ്രതിസന്ധിക്ക് ശേഷം വിമാന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി.
2 കോടി പതിനഞ്ച് ലക്ഷത്തിലധികം പേരാണ് ദുബായ് വിമാനത്താവളം വഴി മാത്രം യുഎഇയിലേക്ക് വന്നത്. തുറമുഖങ്ങൾ വഴി രണ്ടര ലക്ഷം, രാജ്യാതിർത്തി വഴി 16 ലക്ഷത്തിലധികം പേർ രാജ്യത്തേക്ക് വന്നു. ഒരു പക്ഷെ കോവിഡ് പോലെ മറ്റൊരു മഹാമാരി വന്നേക്കാം. ദേഹത്ത് തൊട്ടുള്ള പരിശോധനകൾ നിർത്തേണ്ടി വന്നാൽപ്പോലും സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാവുന്ന വിധമാണ് ദുബായിയുടെ ആസൂത്രണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബിഗ് ഡാറ്റയുമായിരിക്കും വരും നാളുകളിൽ പോർട്ടുകളെ നിയന്ത്രിക്കുകയെന്ന് വ്യക്തമാക്കിയാണ് സമ്മേളനം കൊടിയിറങ്ങിയത്.
യുഎഇയിലേക്ക് യാത്രക്കാരൻ വിമാനം കയറുന്നതിന് മുൻപ് മുഴുവൻ സുരക്ഷാ പശ്ചാത്തലവും വിലയിരുത്തലുകളും പൂർത്തിയാക്കാൻ കഴിയുന്ന പേഴ്സനൽ പ്രൊഫൈലിങ്. വിമാനമിറങ്ങിക്കഴിഞ്ഞാലും ഫേസ് റെക്കഗ്നിഷനും ബയോമെട്രിക് വിവരങ്ങളും ഉപയോഗിച്ച് യാത്രക്കാരൻ നടന്നു പോകുമ്പോൾ തന്നെ എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാകുന്ന സ്മാർട്ട് പാസേജ്. ബുക്ക്‍ലെറ്റ് രൂപത്തിലുള്ള പാസ്പോർട്ട് തന്നെ ഒഴിവാക്കി പൂർണമായും ഇലക്ട്രോണിക് ആയ യാത്രാ രേഖകൾ. ഇവയാണ് ദുബായിയുടെ പണിപ്പുരയിലുള്ളത്.
Read Also - യുകെയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരമൊരുക്കി റിക്രൂട്ട്മെന്റ് ഡ്രൈവ്; ഇപ്പോള്‍ അപേക്ഷിക്കാം
ദുബായ് വിമാനത്താവളത്തിൽ ടെർമിനൽ 3 ഉപയോഗിക്കുന്ന, എമിറേറ്റ്സ് എയർലൈൻസിന്റെ യാത്രക്കാർക്ക് നവംബർ - ഡിസംബർ മാസത്തോടെ പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാനാകും. സ്മാർട്ട് പാസേജിലൂടെ നടന്നു പോകുമ്പോൾ തന്നെ എല്ലാ നടപടികളും പൂർത്തിയാകും. പാസ്പോർട്ടും യാത്രാ രേഖകളും സ്കാൻ ചെയ്യാൻ പോലും മെനക്കെടേണ്ട. ഫേസ് റെക്കഗ്നിഷൻ, റെറ്റിനയുൾപ്പടെ ബയോമെട്രിക് വിവരങ്ങൾ, പാസ്പോർട്ട് വിവരങ്ങൾ എല്ലാം പാസേജിലൂടെ കടന്നു പോകുമ്പോൾ തന്നെ റീഡ് ചെയ്തെടുക്കും. ബിഗ് ഡാറ്റയുടെ സഹായത്തോടെ യാത്രാശീലങ്ങൾ, സമയം, രീതികൾ എന്നിവ പൂർണമായി വിശകലനം ചെയ്ത ശേഷമാകും ഭാവി നയങ്ങളിലേക്ക് ദുബായ് കടക്കുക.