ആശുപത്രിയില്‍ വെച്ച് നഴ്‌സിന് നേരെ ലൈംഗികാതിക്രമം; പ്രവാസി ഡോക്ടര്‍ പിടിയില്‍, ശിക്ഷ വിധിച്ച് കോടതി

By Web Team  |  First Published Oct 3, 2023, 4:03 PM IST

ഫിലിപ്പീന്‍സ് സ്വദേശിയായ നഴ്‌സാണ് പരാതി നല്‍കിയത്.


റിയാദ്: ആശുപത്രിയില്‍ വെച്ച് നഴ്‌സിന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഡോക്ടര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ച് സൗദി കോടതി. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ അസീറിലുള്ള അപ്പീല്‍ കോടതിയാണ് സിറയക്കാരനായ ഡോക്ടര്‍ക്ക് പരമാവധി ശിക്ഷ വിധിച്ചതെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ പേര് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. 

ഫിലിപ്പീന്‍സ് സ്വദേശിയായ നഴ്‌സാണ് പരാതി നല്‍കിയത്. സ്വകാര്യ ആശുപത്രിയില്‍ പ്രതിയായ ഡോക്ടര്‍ക്കൊപ്പമാണ് നഴ്‌സും ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് ഡോക്ടര്‍ നഴ്‌സിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിന്നീട് ഡോക്ടര്‍ ടെക്സ്റ്റ് മെസേജ് അയച്ച് ക്ഷമാപണം നടത്തിയതായി പരാതിക്കാരി പറഞ്ഞു. തമാശയ്ക്കാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് ഡോക്ടര്‍ സന്ദേശത്തില്‍ പറഞ്ഞത്.

Latest Videos

നേരത്തെയും ഡോക്ടര്‍ തന്നോട് അപമര്യാദയോടെ സംസാരിച്ചിരുന്നെന്നും അയാളോടൊപ്പം വീട്ടില്‍ രാത്രി കഴിഞ്ഞാല്‍ 1,000 റിയാല്‍ തരാമെന്ന് വാഗ്ദാനം ചെയ്തതായും നഴ്‌സ് വെളിപ്പെടുത്തി. ഇത് വ്യക്തമാക്കുന്ന സന്ദേശത്തിന്റെ പകര്‍പ്പും പരാതിയോടൊപ്പം ചേര്‍ത്തിരുന്നു. നേരമ്പോക്കിന് വേണ്ടി തമാശയായി ചെയ്തതാണെന്നും ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നുമാണ് ഡോക്ടറുടെ വാദം. 

ഇരുഭാഗത്തെയും വാദം കേട്ട കോടതി ആദ്യം ഡോക്ടര്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷയും 5,000 റിയാല്‍ പിഴയുമാണ് വിധിച്ചത്. എന്നാല്‍ പ്രോസിക്യട്ടര്‍മാര്‍ വിധിയില്‍ അപ്പീല്‍ പോയതോടെ അപ്പീല്‍ കോടതിയാണ് ഡോക്ടറുടെ തടവുശിക്ഷ അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തിയത്. 

Read Also - പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരിച്ചു; ഞെട്ടലില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളും അറബ് ലോകവും

പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരിച്ചു; ഞെട്ടലില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളും അറബ് ലോകവും

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരിച്ചു. യൂട്യൂബര്‍ ഇബ്രാഹിം അല്‍ സുഹൈമിയാണ് മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

അല്‍ സുഹൈമിയുടെ മകളും അപകടത്തില്‍ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്. മറ്റൊരു കണ്ടന്റ് ക്രിയേറ്ററായ തുനയാന്‍ ഖാലിദാണ് അല്‍ സുഹൈമിയുടെ മരണവാര്‍ത്ത ആദ്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സൗദിയിലെയും അറബ് ലോകത്തെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. 

സൗദിയില്‍ അറിയപ്പെടുന്ന യൂട്യൂബറായ അല്‍ സുഹൈമി കിങ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാത്തമാറ്റിക്‌സില്‍ ബിരുദം കരസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് നിരവധി ആരാധകരുമുണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

click me!