സംഘത്തിലെ ഒമ്പത് പേരും മലയാളികളാണ്. ഒരാള്‍ തമിഴ്നാട് സ്വദേശിയാണ്.
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കിയത് മലയാളിയായ പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റ്യനാണ്. ഒമ്പത് സുഹൃത്തുക്കൾക്കൊപ്പം പ്രിന്‍സ് വാങ്ങിയ ടിക്കറ്റാണ് 20 മില്യന്‍ ദിര്‍ഹം (46 കോടിയോളം ഇന്ത്യന്‍ രൂപ) നേടിക്കൊടുത്തത്.
എന്നാല്‍ ഇത്തവണത്തെ വിജയത്തില്‍ ഒരു പ്രത്യേകത കൂടിയുണ്ട്. ഈ ടിക്കറ്റ് വാങ്ങിയ പ്രിന്‍സ് ഉള്‍പ്പെടുന്ന പത്തംഗ സംഘത്തിലെ ഒരാളുടെ വിവാഹമാണ് വെള്ളിയാഴ്ച. വിവാഹത്തിന് തൊട്ടുമുമ്പാണ് ഇദ്ദേഹത്തിന് വമ്പന്‍ ഭാഗ്യം കൈവന്നിരിക്കുന്നത്. 197281 എന്ന ടിക്കറ്റ് നമ്പരാണ് പ്രിന്‍സ് ഉള്‍പ്പെടെയുള്ള 10 പേരെ കോടീശ്വരന്മാരാക്കിയത്. സംഘത്തിൽ ഒരു തമിഴ്നാട് സ്വദേശി ഒഴിച്ച് ബാക്കിയെല്ലാവരും മലയാളികളാണെന്നതും പ്രത്യേകതയാണ്.
undefined
ഗ്രാന്‍ഡ് പ്രൈസ് ലഭിച്ചതിന് ശേഷമുള്ള പ്രതികരണം ചോദിച്ചപ്പോള്‍ സാധാരണ പോലെ താന്‍ ജോലിക്കെത്തിയെന്നാണ് പ്രിന്‍സ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞത്. ഫെസിലിറ്റീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന പ്രിന്‍സിന് വ്യത്യസ്ത സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടതുണ്ട്. സ്കൂളുകളിലായിരിക്കും കൂടുതലും ജോലി. ഈ സ്കൂളില്‍ തന്നെയാണ് വിജയികളായ ചിലരും ജോലി ചെയ്യുന്നത്. വിജയിച്ചവരില്‍ തന്‍റെ താമസസ്ഥലത്തിന് സമീപത്ത് താമസിക്കുന്ന സമ്മാന വിവരം അറിഞ്ഞ രാത്രി വീട്ടില്‍ എത്തിയെന്നും മറ്റ് ചിലര്‍ അവധിക്ക് പോയിരിക്കുകയാണെന്നും പ്രിന്‍സ് പറഞ്ഞു. ഈ വെള്ളിയാഴ്ച വിവാഹിതനാകുന്നയാളും നാട്ടില്‍ പോയിരിക്കുകയാണെന്നും പ്രിന്‍സ് പറഞ്ഞു.
വിജയികളായവരില്‍ ഭൂരിഭാഗം പേരും മലയാളികളാണ്. ഒരാള്‍ തമിഴ്നാട് സ്വദേശിയാണ്. സമ്മാനം നേടിയ എല്ലാവര്‍ക്കും ആവശ്യമായ സമയത്താണ് പണം ലഭിക്കുന്നത്. ഒരാളുടെ വിവാഹമാണ്. പ്രിന്‍സ് ഉള്‍പ്പെടെ ചിലര്‍ക്ക് നാട്ടില്‍ വീട് പണിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആവശ്യങ്ങളുമുണ്ട്. തങ്ങളുടെ ജീവിതം മാറിമറിയാന്‍ പോകുകയാണെന്ന് പ്രിന്‍സ് പറഞ്ഞു. തന്‍റെ അക്കൗണ്ട് വഴിയാണ് കൂടുതല്‍ തവണയും ബിഗ് ടിക്കറ്റ് വാങ്ങിയത്. ചിലപ്പോള്‍ മാത്രം സംഘത്തിലെ മറ്റ് ചിലരുടെ അക്കൗണ്ടില്‍ നിന്ന് ടിക്കറ്റ് വാങ്ങിയിട്ടുണ്ട്.
ഇത്തവണ രണ്ട് ടിക്കറ്റുകള്‍ വാങ്ങി. ഓഫര്‍ പ്രകാരം ഒരെണ്ണം സൗജന്യമായി ലഭിച്ചു. പണം നല്‍കി വാങ്ങിയ ടിക്കറ്റിനാണ് ഗ്രാന്‍ഡ് പ്രൈസ് ലഭിച്ചത്. സാധാരണയായി മാസം അവസാനമാണ് തങ്ങള്‍ ടിക്കറ്റ് വാങ്ങാറുള്ളത്. എന്നാല്‍ ഇത്തവണ മാറ്റിപ്പിടിച്ചെന്നും മാസത്തിന്‍റെ തുടക്കത്തില്‍, കഴിഞ്ഞ നറുക്കെടുപ്പിന് തൊട്ടു പിന്നാലെ തന്നെ ടിക്കറ്റ് വാങ്ങിയെന്നും പ്രിന്‍സ് പറഞ്ഞു.
ഫോട്ടോ- പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റ്യൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം