അബുദാബിയിലെ ആദ്യ ഹൈന്ദവക്ഷേത്രത്തിന് തറക്കല്ലിട്ടു. ക്ഷേത്രത്തിന്‍റെ നിര‍്‍മാണം നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാകും.
ദുബായ്:അബുദാബിയിലെ ആദ്യ ഹൈന്ദവക്ഷേത്രത്തിന് തറക്കല്ലിട്ടു. ക്ഷേത്രത്തിന്‍റെ നിര‍്‍മാണം നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാകും. നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യൻ സ്വാമി മഹന്ത് മഹാരാജിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. പ്രാദേശിക സമയം രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ശിലാസ്ഥാപന ചടങ്ങ് ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടു.
യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങി പ്രമുഖര്‍ ചടങ്ങിന്‍റെ ഭാഗമായി. അബു മുറൈഖയിലെ നിർമാണ മേഖലയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരിരുന്നു ചടങ്ങുകള്‍.
യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായി ഏഴ് കൂറ്റൻ ഗോപുരങ്ങളോടുകൂടിയാകും ക്ഷേത്രം നിർമിക്കുക. ക്ഷേത്രത്തോട് ചേർന്ന് ഗംഗ, യമുന, സിന്ധു നദീ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ പുണ്യനദീ സംഗമം പുനരാവിഷ്കരിക്കും. മൂവായിരത്തിലധികം വിദഗ്ധ തൊഴിലാളികള്‍ നിർമാണപ്രവർത്തനങ്ങളിൽ ഏര്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
ജുമൈറയിൽ എല്ലാ ദിവസവും രാവിലെ പ്രാർഥനാ ചടങ്ങുകൾ ഉണ്ടാകും. ഭൂപ്രദേശത്തെ പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കുംവിധം രാജസ്ഥാനിൽ നിന്നുള്ള ചുവന്ന മണൽക്കല്ലാണ് ക്ഷേത്രനിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. യൂറോപ്പിൽ നിന്നുള്ള വെണ്ണക്കല്ലുകളും ക്ഷേത്രശില്‍പങ്ങൾക്ക് അഴകേകും. 55,000 ചതുരശ്ര അടിയിലായി സ്ഥാപിക്കുന്ന ക്ഷേത്ര നിര്‍മാണത്തിന് എഴുന്നൂറു കോടിരൂപയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.