പ്രവാസികള്‍ക്ക് ആശങ്ക; കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്, അവധിക്കാലം ലക്ഷ്യമിട്ട് 'ആകാശക്കൊള്ള'

By Web Team  |  First Published Dec 13, 2023, 8:34 PM IST

ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി രണ്ടാം വാരം വരെയാണ് ഗള്‍ഫില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി.


ദുബൈ: കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. ക്രിസ്മസ്, പുതുവത്സര സീസണും ഗള്‍ഫിലെ അവധിക്കാലവും ലക്ഷ്യമിട്ടാണ് ഈ നിരക്ക് വര്‍ധന. എന്നാല്‍ ദില്ലി, മുംബൈ അടക്കമുള്ള മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനയില്ല. 

ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി രണ്ടാം വാരം വരെയാണ് ഗള്‍ഫില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി. ഇത് കൂടി കണക്കിലെടുത്താണ് ടിക്കറ്റ് നിരക്കില്‍ വര്‍ധന. ഇത്തിഹാദ് എയര്‍വേയ്‌സില്‍ പുതുവത്സര ദിനത്തില്‍ തിരുവനന്തപുരം-ദുബൈ ഇക്കണോമി ക്ലാസില്‍ ഏകദേശം 75,000 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ പതിനായിരത്തില്‍ താഴെയാണ്. അതേസമയം നിലവില്‍ 50,000 രൂപയുള്ള ബിസിനസ് ക്ലാസ് ടിക്കറ്റിനാകട്ടെ പുതുവത്സര ദിനത്തില്‍ ഒന്നര ലക്ഷത്തിലേറെ രൂപയാണ് നിരക്ക്. കോഴിക്കോട് നിന്ന് ദുബൈയിലേക്ക് ക്രിസ്മസ്, പുതുവത്സര സീസണില്‍ 50,000 രൂപയാണ് നിരക്ക്. എന്നാല്‍ നിലവില്‍ ഇത് 26,417 രൂപയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസും മുന്‍കൂട്ടി ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. 13,500 രൂപ വരെയായിരുന്ന ടിക്കറ്റിന് ഇനി അരലക്ഷത്തിന് മുകളില്‍ നല്‍കേണ്ടി വരും. 

Latest Videos

Read Also - പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ കപ്പല്‍, ടെന്‍ഡര്‍ വിളിക്കും

യുഎഇയിലേക്ക് വരുമ്പോള്‍ ബാഗേജില്‍ അനുവദിക്കുന്ന ഇനങ്ങളില്‍ വ്യക്തത വരുത്തി അധികൃതര്‍

മുംബൈ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വരുമ്പോള്‍ ബാഗേജില്‍ അനുവദിക്കുന്ന ഇനങ്ങളില്‍ വ്യക്തത വരുത്തി അധികൃതര്‍. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങളിൽ അനുവദിക്കുന്ന ഇനങ്ങളില്‍ കൃത്യമായ നിയന്ത്രണം ഉണ്ട്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട് അടുത്തയിടെ ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. 2022 മെയ് മാസത്തിൽ മാത്രം പരിശോധിച്ച ബാഗുകളിൽ നിന്ന് 943 കൊപ്ര പിടിച്ചെടുത്തതായാണ് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.

ചെക്ക്ഡ് ബാഗേജിൽ സാധാരണയായി കാണപ്പെടുന്ന നിരോധിത ഇനങ്ങളിൽ കൊപ്ര, നെയ്യ്, അച്ചാറുകൾ, എണ്ണമയമുള്ള ഭക്ഷണങ്ങൾ, ഇ-സിഗരറ്റുകൾ എന്നിവ ഉൾപ്പെടുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്. വിവിധ സിവിൽ ഏവിയേഷൻ അതോറിറ്റികൾക്കും ചില എയർപോർട്ടുകൾക്കും എയർലൈനുകൾക്കും ചില ഇനങ്ങളെ നിയന്ത്രിക്കുന്ന അധിക നയങ്ങളുമുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു

കൊപ്ര: ഇന്ത്യയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പ്രകാരം 2022 മാർച്ച് മുതൽ ഒരു ലഗേജിലും കൊണ്ട് പോകാൻ അനുവാദമില്ല.

ഇ - സിഗരറ്റ്:  ചെക്ക്-ഇൻ ചെയ്തതോ കൊണ്ടുപോകുന്നതോ ആയ ലഗേജിൽ അനുവദനീയമല്ല.

നെയ്യ്: ലിക്വിഡ്, എയറോസോൾ, ജെൽസ് (LAGs) നിയന്ത്രണങ്ങൾ കാരണം കൊണ്ടുപോകാവുന്ന ലഗേജിൽ 100 എംഎല്‍ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ചെക്ക്-ഇൻ ബാഗേജിൽ അഞ്ച് കിലോ വരെ നെയ്യ് അനുവദിക്കുന്നുണ്ട്. എന്നാൽ ഓരോ എയർപോർട്ടിലെയും എയർലൈനുകളുടെയും നിയന്ത്രണങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

അച്ചാറുകൾ: ചില്ലി അച്ചാറുകൾ ഒഴികെ കൊണ്ടുപോകുന്നതും ചെക്ക് ഇൻ ചെയ്യുന്നതുമായ ലഗേജുകളിൽ അനുവദനീയമാണ്.

യുഎഇയിലെ നിരോധിത ഇനങ്ങളുടെ പട്ടികയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്. യാത്രക്കാർ പോകുന്ന നഗരത്തിന്‍റെയോ രാജ്യത്തിന്‍റെയോ കസ്റ്റംസ് മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കണം. യുഎഇയുടെ ഫെഡറൽ കസ്റ്റംസ് അതോറിറ്റി റഫറൻസിനായി നിരോധിത ഇനങ്ങളുടെ ഒരു ലിസ്റ്റ് പുറപ്പെടുവിച്ചിട്ടുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!