കനത്ത മഴ; നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു

By Web Team  |  First Published Aug 4, 2022, 10:55 AM IST

മൂന്നു വയസ്സുകാരന് വേണ്ടി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താനായത്.
 


നജ്‌റാന്‍: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു. മൂന്നു സഹോദരങ്ങളും മരിച്ചവരില്‍പ്പെടുന്നു. വാദി നജ്‌റാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് ഇവര്‍ ഒഴുകിപോയത്. മൂന്നു വയസ്സുകാരന് വേണ്ടി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. 

നജ്റാനിലെ അൽറബ്ഹ ഗ്രാമത്തിൽ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണാണ് സഹോദരങ്ങളായ മൂന്നു ബാലന്മാർ മുങ്ങിമരിച്ചത്. തങ്ങളുടെ കൃഷിയിടത്തോട് ചേർന്ന് രൂപപ്പെട്ട നാലു മീറ്റർ താഴ്ചയുള്ള വെള്ളക്കെട്ടിലാണ് കളിക്കുന്നതിനിടെ ഇവർ അപകടത്തിൽ പെട്ടത്.

Latest Videos

മൂത്ത സഹോദരനാണ് ആദ്യം അപകടത്തിൽ പെട്ടത്. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു കുട്ടികളും മുങ്ങിമരിക്കുകയായിരുന്നെന്ന് ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. സിവിൽ ഡിഫൻസ് അധികൃതർ മൃതദേഹങ്ങൾ പുറത്തെടുത്തു. നജ്റാന് വടക്ക് വാദി സ്വഖിയിൽ മറ്റൊരു യുവാവും മുങ്ങിമരിച്ചു. താഴ്വരയിലെ മലവെള്ളപ്പാച്ചിലിൽ പെട്ട യുവാവിന്റെ മൃതദേഹം അപകടത്തിൽ പെട്ട സ്ഥലത്തു നിന്ന് അഞ്ചു കിലോമീറ്റർ ദൂരെയാണ് കണ്ടെത്തിയത്. 

ബാഗില്‍ 13 ലക്ഷം റിയാല്‍ കടത്താന്‍ ശ്രമിച്ചു; യുവതി ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ; വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനം മറിഞ്ഞ് യുവാവിന് പരിക്ക്

അല്‍ഐന്‍: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ബുധനാഴ്ച കനത്ത മഴ ലഭിച്ചു. അല്‍ ഐന്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അല്‍ ഐന് പുറമെ അല്‍ തിവായ, അല്‍ ഖത്താറ, നാഹില്‍, ബദാ ബിന്‍ത് സഉദ്, അല്‍അമീറ എന്നിവിടങ്ങളിലെല്ലാം കനത്ത മഴ പെയ്‍തു. ചില പ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടും ചില സ്ഥലങ്ങളില്‍ യെല്ലോ അലെര്‍ട്ടും നിലവിലുണ്ടായിരുന്നു.

അല്‍ഐനിലെ ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായി. അതേസമയം അല്‍ഐനില്‍ വാഹനം വെള്ളക്കെട്ടിലേക്ക് പതിച്ച് ഒരു യുവാവിന് പരിക്കേറ്റു. വാദി സാഹിലായിരുന്നു സംഭവം. ഇവിടെ കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടിച്ചിരുന്ന ഫോര്‍ വീല്‍ ഡ്രൈവ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

താഴ്‍വരയില്‍ വെള്ളം ഒഴുകുന്നത് ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നതിനാല്‍ ഇയാളുടെ ശ്രദ്ധ റോഡിലായിരുന്നില്ലെന്ന് അബുദാബി പൊലീസ് പറഞ്ഞു. മഴ സമയങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന വാദി സാഹ് ഉള്‍പ്പെടെ അല്‍ ഐനിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അധികൃതര്‍ അറിയിച്ചു. 

മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും റോഡുകളിലെ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളിലെ വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷയും റോഡിലെ മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് എല്ലാ മുന്‍കരുതലുകളും പാലിക്കണം. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഫോട്ടോകളോ വീഡിയോ ദൃശ്യങ്ങളോ പകര്‍ത്തുക വഴി ശ്രദ്ധ തെറ്റാന്‍ സാധ്യതയുണ്ട്. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളില്‍ വാദികളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

click me!