അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണം ജൂണ്‍ 30ഓടെ പൂര്‍ത്തിയാക്കേണ്ടിയിരുന്നതാണെങ്കിലും ജൂലൈ ഏഴ് വരെ സമയം നീട്ടി നല്‍കുകയായിരുന്നു.
ദുബൈ: സ്വകാര്യ കമ്പനികളില്‍ സ്വദേശിവത്കരണത്തിന്റെ അര്‍ധ വാര്‍ഷിക ടാര്‍ഗറ്റ് കണ്ടെത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സ്വദേശിവത്കരണത്തിന്‍റെ അര്‍ധ വാര്‍ഷിക ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ക്ക് ജൂലൈ എട്ടു മുതല്‍ പിഴ ചുമത്തുമെന്ന് യുഎഇ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
ജൂലൈ ഏഴിന് ശേഷം നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ചു കഴിഞ്ഞിട്ടില്ലെങ്കില്‍, നിയമിക്കാന്‍ ബാക്കിയുള്ള ഓരോ സ്വദേശിക്കും 42,000 ദിര്‍ഹം വീതമാണ് പിഴ ഈടാക്കുക. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഒരു ശതമാനം സ്വദേശിവത്കരണമാണ് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ആറു മാസത്തിനകം ജീവനക്കാരില്‍ ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. വര്‍ഷത്തില്‍ രണ്ടു ശതമാനമെന്ന നിലയിലാണ് ടാര്‍ഗറ്റ്.
അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണം ജൂണ്‍ 30ഓടെ പൂര്‍ത്തിയാക്കേണ്ടിയിരുന്നതാണെങ്കിലും ജൂലൈ ഏഴ് വരെ സമയം നീട്ടി നല്‍കുകയായിരുന്നു. അന്‍പതിലധികം ആളുകള്‍ ജോലി ചെയ്യുന്ന രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകവുമാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന സ്വദേശിവത്കരണ നിബന്ധനകള്‍ പ്രകാരം ഓരോ വര്‍ഷവും രണ്ട് ശതമാനം സ്വദേശിവത്കരണമാണ് നടപ്പിലാക്കേണ്ടത്.
Read Also- മലയാളി യുവാവ് ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
കഴിഞ്ഞ വര്‍ഷം ഡിസംബറോടെ രണ്ട് ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ അടുത്ത ഒരു ശതമാനവും ഡിസംബറോടെ ശേഷിക്കുന്ന ഒരു ശതമാനവുമാണ് സ്വദേശികളെ നിയമിക്കേണ്ടത്. ഇത്തരത്തില്‍ 2026 ആവുമ്പോഴേക്കും ആകെ 10 ശതമാനം സ്വദേശികളെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഉറപ്പാക്കാനാണ് യുഎഇ സര്‍ക്കാറിന്റെ തീരുമാനം.
Read Also- ബുര്‍ജ് ഖലീഫ കാണാന്‍ കുഞ്ഞു ബദറിന് ആഗ്രഹം; കുടുംബത്തോടൊപ്പം ദുബൈയിലേക്ക് ക്ഷണിച്ച് ശൈഖ് ഹംദാന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...