കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച നാലു പേരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം കൈമാറി

By Web Team  |  First Published Jul 6, 2024, 5:23 AM IST

ഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും ഡോ.രവി പിള്ള,  ബാബു സ്റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 14 ലക്ഷം രൂപയാണ് ഓരോ കുടുംബത്തിനും ധനസഹായമായി നൽകിയത്. 


തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ച തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ നാലുപേരുടെ കുടുംബങ്ങള്‍ക്കുളള   ധനസഹായം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോർക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നൽകിയത്. 

തിരുവനന്തപുരത്ത് വർക്കല ഇടവ സ്വദേശി ശ്രീജേഷിന്റെ സഹോദരി ആരതി തങ്കപ്പന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും, നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലും കൈമാറി. പത്തനംതിട്ടയില്‍ കോന്നി താഴം വില്ലേജില്‍ സജു   വർഗീസിൻ്റെ ഭാര്യ ബിന്ദു അനു സജു, വാഴമുട്ടം ഈസ്റ്റില്‍ മുരളീധരൻ നായരുടെ ഭാര്യ ഗീതാ മുരളി എന്നിവര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമാണ് വീടുകളിലെത്തി ധനസഹായം കൈമാറിയത്. 

Latest Videos

എം.എല്‍. എ മാരായ വി. ജോയ്,  ജി.സ്റ്റീഫൻ, കെ യു ജിനിഷ് കുമാർ എന്നിവർ അതത് ചടങ്ങുകളിൽ  സംബന്ധിച്ചു. വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗീതാ നസീർ, ജില്ലാ കളക്ടർമാരായ ജെറോമിക് ജോർജ്, പ്രേം കൃഷ്ണൻ, വർക്കല തഹസീൽദാർ ആസിഫ് റിജു നോർക്ക റൂട്ട്സില്‍ നിന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, മാനേജർ ഫിറോസ്  ഷാ, സെന്റർ മാനേജർ സഫറുള്ള തുടങ്ങിയവരും വിവിധ സ്ഥലങ്ങളിൽ മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു. കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞ 23 പേരുടെ കുടുംബംങ്ങള്‍ക്കാണ് സഹായധനം കൈമാറുക. ബാക്കിയുളളവര്‍ക്ക് വരും ദിവസങ്ങളിൽ ധനസഹായം കൈമാറുമെന്ന് നോർക്ക അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!