പോകുന്ന സ്ഥലങ്ങളും അവിടെ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും കുടുംബാംഗങ്ങളെ അറിയിക്കാതെ എങ്ങോടും പോകുന്ന സ്വഭാവക്കാരനായിരുന്നില്ല തുര്‍കി അല്‍ ദോസരിയെന്നും സഹോദരന്‍ പറഞ്ഞു.
റിയാദ്: സൗദി അറേബ്യയില്‍ കാണാതായ വ്യവസായിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം. ഓഗസ്റ്റ് രണ്ടിന് അല്‍ ശുമൈസി ആശുപത്രി പരിസരത്തു നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ തുര്‍കി അല്‍ ദോസരി എന്നയാളുടെ സഹോദരന്‍ ഫൈസല്‍ അല്‍ ദോസരിയാണ് സഹോദരനെ കണ്ടെത്താന്‍ സഹായം തേടിയിരിക്കുന്നത്.
"തന്റെ സ്‍പോണ്‍സര്‍ഷിപ്പിലുള്ള ഒരു പ്രവാസിയെ വിളിച്ചുകൊണ്ടുവരാന്‍ ഓഗസ്റ്റ് രണ്ടാം തീയ്യതിയാണ് തുര്‍കി അല്‍ ദോസരി അല്‍ ശുമൈസി ആശുപത്രിയിലേക്ക് പോയതെന്ന് സഹോദരന്‍ പറയുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കാറും വ്യക്തിപരമായി ഉപയോഗിച്ചിരുന്ന മറ്റ് സാധനങ്ങളും അല്‍ ശുമൈസി ആശുപത്രി പരിസരത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. തുര്‍കി അല്‍ ദോസരിയെ കണ്ടെത്താന്‍ വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചിത്രം പ്രസിദ്ധീകരിച്ച് സഹായം തേടിയെങ്കിലും അതുകൊണ്ടും കാര്യമുണ്ടായില്ലെന്ന്" സഹോദരന്‍ പറയുന്നു.
പോകുന്ന സ്ഥലങ്ങളും അവിടെ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും കുടുംബാംഗങ്ങളെ അറിയിക്കാതെ എങ്ങോടും പോകുന്ന സ്വഭാവക്കാരനായിരുന്നില്ല തുര്‍കി അല്‍ ദോസരിയെന്നും സഹോദരന്‍ പറഞ്ഞു. സഹോദരനെ കണ്ടെത്തുകയോ കണ്ടെത്താന്‍ സാധിക്കുന്ന വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നയാളിന് 10 ലക്ഷം റിയാല്‍ പാരിതോഷികം നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാജ്യത്തെ എല്ലാവരോടും തന്റെ സഹോദരനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ഫൈസല്‍ ദോസരി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0555556592, 0555101850 എന്നീ നമ്പറുകളില്‍ അറിയിക്കുകയോ അല്ലെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കുകയോ വേണം.
Read also: പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 15,050 വിദേശികള്‍