നേരത്തെ കേസിൽ കോടതി വിധിയിൽ മാത്രം ഉറച്ചുനിന്നിരുന്ന സൗദി കുടുംബം ഇന്ത്യൻ എംബസിയുടെയും റിയാദിൽ പ്രവർത്തിക്കുന്ന റഹീം നിയമസഹായ സമിതിയുടെയും നിരന്തരമായ സമ്മർദത്തിന്റെ ഫലമായാണ് വൻ തുക ആവശ്യപ്പെട്ടാണെങ്കിലും മാപ്പ് നൽകാൻ തയാറാണെന്ന് നിലപാട് എടുത്തത്.
റിയാദ്: വധശിക്ഷയ്ക്ക് വിധിച്ച് റിയാദിലെ ജയിലിൽ കഴിയുന്ന മലയാളി യുവാവിനെ വൻതുക ദിയാ ധനം നൽകി മോചിപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ റിയാദിലെ പ്രവാസി സമൂഹത്തിന്റെ തീരുമാനം. സൗദി യുവാവ് കൈയ്യബദ്ധത്തിൽ മരണപ്പെട്ട കേസിൽ 16 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിന് സൗദി കുടുംബം ആവശ്യപ്പെട്ട 33 കോടി കണ്ടെത്താനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജിതമായി രംഗത്തിറങ്ങാനാണ് റിയാദിലെ സംഘടനാ പ്രതിനിധികളുടെ കൺവെൻഷൻ തീരുമാനിച്ചത്. ഒന്നര കോടി റിയാലാണ് (ഏകദേശം 33 കോടി രൂപ) നഷ്ടപരിഹാരമായി മരിച്ച യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടത്.
നേരത്തെ കേസിൽ കോടതി വിധിയിൽ മാത്രം ഉറച്ചുനിന്നിരുന്ന സൗദി കുടുംബം ഇന്ത്യൻ എംബസിയുടെയും റിയാദിൽ പ്രവർത്തിക്കുന്ന റഹീം നിയമസഹായ സമിതിയുടെയും നിരന്തരമായ സമ്മർദത്തിന്റെ ഫലമായാണ് വൻ തുക ആവശ്യപ്പെട്ടാണെങ്കിലും മാപ്പ് നൽകാൻ തയാറാണെന്ന് നിലപാട് എടുത്തത്. ഇക്കാര്യം വാദിഭാഗം അഭിഭാഷകൻ മുഖേന നിയമ സഹായ സമിതിയെ അറിയിക്കുകയായിരുന്നു. കുടുംബവുമായി പല ഘട്ടങ്ങളിലും ഉന്നതതല ഇടപെടൽ നടന്നിരുന്നുവെങ്കിലും മാപ്പ് സമ്മതം അറിയിച്ചിരുന്നില്ല. ഇതിനകം മൂന്ന് തവണ വധശിക്ഷക്ക് വിധിച്ച കേസ് അന്തിമ വിധിക്കായി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമ സഹായ സമിതിയുടെ നേതൃത്വത്തിൽ മൂന്ന് അഭിഭാഷകരെയാണ് ഇക്കാലയളവിൽ നിയോഗിച്ചിരുന്നത്. സൗദി പ്രമുഖരെ കൂടാതെ നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ. യൂസഫലിയും സംഭവത്തിൽ ഇടപെട്ടിരുന്നു.
മോചന ശ്രമത്തിൽ ആഗോള തലത്തിലുള്ള മലയാളി സമൂഹത്തെയും സംഘടനകളെയും ചേർത്തുപിടിച്ച് 33 കോടിയെന്ന ഭീമമായ തുക കണ്ടെത്താനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ മലയാളി സമൂഹം യോഗം ചേർന്നിരുന്നു. നിയമ സഹായ സമിതി വിളിച്ചുകൂട്ടിയ യോഗത്തിൽ റിയാദിലെ വിവിധ സംഘടനാ പ്രതിനിധികളായി വലിയ ജനക്കൂട്ടം തന്നെ എത്തിച്ചേർന്നു. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദീകരിച്ചു. പരിഭാഷകരായ മുഹമ്മദ്‌കുട്ടി കടന്നമണ്ണ, മുഹമ്മദ് നജാത്തി (ദമ്മാം) തുടങ്ങിയവരും വ്യവസായ പ്രമുഖരും റിയാദിലെ സാമൂഹിക സാംസ്‌കാരിക മത വിദ്യാഭ്യാസ കലാ കായിക രംഗങ്ങളിലുള്ള നേതാക്കളും സംസാരിച്ചു.
നിറഞ്ഞ സദസ്സിൽ റഹീമിന്റെ മോചനത്തിന് സഹായ സമിതിക്ക് കലവറയില്ലാത്ത പിന്തുണ ഉറപ്പ് നൽകുകയായിരുന്നു റിയാദിലെ പ്രവാസി സമൂഹം. അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും അർഷാദ് ഫറോക്ക് നന്ദിയും പറഞ്ഞു. ദിയാധനം നൽകി റഹീമിനെ മോചിപ്പിക്കാനുള്ള തീരുമാനം കോടതിയെ അറിയിച്ച് അനുമതി നേടിയ ശേഷം സമയബന്ധിതമായി ആവശ്യമായ പ്രവർത്തന പദ്ധതി രൂപപ്പെടുത്താനും ഫണ്ട് സമാഹരണത്തിനുള്ള നിയമവശങ്ങൾ പഠിക്കാനും പ്രാഥമിക ഒരുക്കങ്ങൾ പൂർത്തിയാക്കാനുമാണ് തീരുമാനം. സംഘടനകൾ, വ്യവസായികൾ, സോഷ്യൽ മീഡിയ, ജീവകാരുണ്യ പ്രവർത്തകർ, സ്‌കൂളുകൾ തുടങ്ങിയ മാർഗങ്ങളിലൂടെ ഫണ്ട് ശേഖരണം നടത്താമെന്നാണ് ആലോചന.
നിയമപരമായ അനുമതി ലഭിച്ചാലുടൻ നടപടികൾ നീക്കാൻ യോഗം നിയമസഹായ സമിതിയെ ചുമതലപ്പെടുത്തി. കോടതി അനുമതി ലഭിച്ചാലുടൻ നാട്ടിൽ നേരത്തേയുണ്ടാക്കിയിട്ടുള്ള ജനകീയ സമിതിയുടെ മേൽനോട്ടത്തിൽ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി ഫണ്ട് സ്വരൂപിക്കാനും കേന്ദ്ര സംസ്ഥാന സർക്കാറുകൾ, നോർക്ക, ലോക കേരളസഭ എന്നിവരുമായി ബന്ധപ്പെട്ട് സഹായം ആവശ്യപ്പെടാനുമുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കും. ഫണ്ട് സമാഹരണം നിയമപരമായ അനുമതി ലഭിച്ച ശേഷം മാത്രമാകും ആരംഭിക്കുകയെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.
നാട്ടിലെ ജനകീയ സമിതിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മുഖ്യ രക്ഷാധികാരികളായിട്ടുള്ള നാട്ടിലെ ജനകീയ സമിതിയിൽ എം.പിമാരായ എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുൽ സമദ് സമദാനി, എളമരം കരീം, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ പി.കെ. കുഞ്ഞാലികുട്ടി, ഡോ. എം.കെ. മുനീർ, മുനവ്വറലി ശിഹാബ് തങ്ങൾ, എം.സി. മായിൻ ഹാജി, ഉമർ പാണ്ടികശാല, വി.കെ.സി. മമ്മദ് കോയ, ബുഷ്‌റ റഫീഖ്, അഡ്വ. പി.എം. നിയാസ്, ശശി നാരങ്ങായിൽ, ഹുസൈൻ മടവൂർ, പി.സി. അഹമ്മദ്‌കുട്ടി ഹാജി എന്നിവർ രക്ഷാധികാരികളാണ്. കെ. സുരേഷ് ചെയർമാനും കെ.കെ. ആലിക്കുട്ടി ജനറൽ കൺവീനറും എം. ഗിരീഷ് ട്രഷററുമാണ്.
Read also: വധശിക്ഷക്ക് വിധിച്ചു; പ്രവാസി മലയാളിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് 33 കോടി ബ്ലഡ് മണി