സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; കമ്പനികള്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍, നിയമം ലംഘിച്ചാല്‍ കനത്ത പിഴ

By Web Team  |  First Published Nov 19, 2022, 2:16 PM IST

അടുത്ത ജനുവരി ഒന്ന് മുതല്‍ അന്‍പതിലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ട് ശതമാനം ഇമാറത്തികളുണ്ടായിരിക്കണം എന്നാണ് നിയമം. വര്‍ഷം രണ്ട് ശതമാനമെന്ന നിരക്കില്‍ സ്വദേശികളെ നിയമിക്കണം.


അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍. സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍ക്ക് പിഴ ചുമത്തുകയും ചെയ്യും. പ്രതിവര്‍ഷം ആറു ശതമാനത്തിലേറെ സ്വദേശിവത്കരണം നടത്തുനന കമ്പനികളെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

അടുത്ത ജനുവരി ഒന്ന് മുതല്‍ അന്‍പതിലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ട് ശതമാനം ഇമാറത്തികളുണ്ടായിരിക്കണം എന്നാണ് നിയമം. വര്‍ഷം രണ്ട് ശതമാനമെന്ന നിരക്കില്‍ സ്വദേശികളെ നിയമിക്കണം. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ പ്രതിമാസം ഒരു സ്വദേശി ജീവനക്കാരന് ആറായിരം ദിര്‍ഹം എന്ന നിരക്കിൽ പിഴയൊടുക്കണം. സ്വദേശിവൽക്കരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെയും കടുത്ത നടപടി ഉണ്ടാകും.
അമ്പതിലേറെ തൊഴിലാളികള്‍ ഉണ്ടായിട്ടും ഒരു സ്വദേശിയെ പോലും നിയമിക്കാന്‍ തയ്യാറാകാത്ത കമ്പനിക്ക് പ്രതിവര്‍ഷം 72,000 ദിര്‍ഹം വീതമായിരിക്കും ഈടാക്കുക. 

Latest Videos

Read More -  ജീവനക്കാരുടെ ശമ്പളവുമായി അക്കൗണ്ടന്റ് മുങ്ങി; മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് കയറി, കേസ് കോടതിയില്‍

51-100 തൊഴിലാളികളുള്ള സ്ഥാപനത്തില്‍ രണ്ട് സ്വദേശികളെ നിയമിക്കണമെന്നാണ് വ്യവസ്ഥ. 101-150 ജീവനക്കാരുണ്ടെങ്കില്‍ മൂന്ന് സ്വദേശികളെ നിയമിക്കണം. നാഫിസ് വഴിയാണ് സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം പൂര്‍ത്തിയാക്കുക. നിയമനം നല്‍കുന്ന സ്വദേശിക്ക് മന്ത്രാലയത്തിന്‍റെ വര്‍ക് പെര്‍മിറ്റ് ഉണ്ടാവണം. വേതന സുരക്ഷാ പദ്ധതിയായ ഡബ്ല്യൂപിഎസ് വഴിയാകണം വേതനം നല്‍കേണ്ടത്. രാജ്യത്തെ അംഗീകൃത പെന്‍ഷന്‍ പദ്ധതിയില്‍ സ്വദേശി രജിസ്റ്റര്‍ ചെയ്യണം. എല്ലാ വ്യവസ്ഥകളും വ്യക്തമാക്കിയ തൊഴില്‍ കരാര്‍ കമ്പനിയും ഉദ്യോഗാര്‍ത്ഥിയും തമ്മില്‍ രൂപ്പെടുത്തണം എന്നിങ്ങനെയുള്ള വ്യവസ്ഥകളും സ്വദേശികളെ നിയമിക്കുന്നതിനുണ്ട്. 

Read More -  സ്വദേശിവത്കരണ നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികള്‍ക്ക് 2023 ജനുവരി മുതലാണ് പിഴ ചുമത്തി തുടങ്ങുക. 2026ഓടെ സ്വദേശിവത്കരണം 10 ശതമാനം ആയി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. സ്വദേശിവത്കരണ നിബന്ധന പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവന ഫീസിലെ ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. നിശ്ചിത പരിധിയില്‍ നിന്നും മൂന്ന് മടങ്ങ് സ്വദേശികളെ നിയമിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യങ്ങളുണ്ട്. ഈ കമ്പനികളിലെ തൊഴിലാളി വര്‍ക്ക് പെര്‍മിറ്റ് ഫീസ് 3,750 ദിര്‍ഹത്തില്‍ നിന്ന് 250 ദിര്‍ഹമാക്കി കുറയ്ക്കും. സ്വദേശിവത്കരണ തോത് രണ്ട് മടങ്ങ് വര്‍ധിപ്പിക്കുന്ന കമ്പനിക്ക് 1200 ദിര്‍ഹവും പരിധി നടപ്പാക്കിയ കമ്പനിക്ക് 3450 ദിര്‍ഹവുമാണ് വര്‍ക് പെര്‍മിറ്റ് ഫീസ്. ഈ കമ്പനികളിലെ സ്വദേശി, ജിസിസി പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഒഴിവാക്കി നല്‍കും. 

 

 

click me!