ഡ്രൈവിങ്ങിനിടെ പെട്ടെന്നുള്ള ലെയിൻ മാറ്റം; ഈ വര്‍ഷം പൊലിഞ്ഞത് 32 ജീവനുകൾ, കടുത്ത ശിക്ഷ നൽകുമെന്ന് ദുബൈ പൊലീസ്

By Web Team  |  First Published Nov 14, 2024, 5:30 PM IST

വലിയ അപകടങ്ങളാണ് ഇത്തരത്തിലുള്ള ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ കാരണം സംഭവിക്കുന്നത്. 


ദുബൈ: വാഹനമോടിക്കുമ്പോള്‍ പെട്ടെന്ന് ഒരു ലെയിനില്‍ നിന്ന് മറ്റൊന്നിലേക്ക് തിരിയുന്നത് മൂലം ദുബൈയിലുണ്ടായ റോഡപകടങ്ങളില്‍ ഈ വര്‍ഷം 32 ജീവനുകള്‍ പൊലിഞ്ഞതായി ദുബൈ പൊലീസ്. ഈ സാഹചര്യം റോഡ് സുരക്ഷ ബോധവത്കരണം വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നതായി ദുബൈ പൊലീസിലെ ട്രാഫിക് ബോധവത്കരണ വിഭാഗം മേധാവി സല്‍മ മുഹമ്മദ് റഷീദ് അല്‍മറി പറഞ്ഞു. 

ഈ അപകടകരമായ പെരുമാറ്റം മൂലം 32 പേരാണ് ഈ വര്‍ഷം മരണപ്പെട്ടത്. ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളുമുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍, ക്ഷീണം, ഡ്രൈവിങിനിടെയില്‍ ശ്രദ്ധതിരിക്കുന്ന എന്തെങ്കിലും ചെയ്യുക എന്നിങ്ങനെ വിവിധ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് അല്‍മറി പറഞ്ഞു. ഈ കാരണങ്ങളിലെല്ലാം മുന്‍ നിരയിലുള്ളത് ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗമാണ്. ഡ്രൈവിങിനെ മൈബൈല്‍ ഉപയോഗിക്കുന്നത് തടയാനായുള്ള ശ്രമങ്ങള്‍ ദുബൈ പൊലീസ് വര്‍ധിപ്പിച്ചു. 

Latest Videos

undefined

Read Also - പറന്നുയര്‍ന്ന് മിനിറ്റുകൾക്കുള്ളിൽ തകർന്നുവീണ് പരിശീലന വിമാനം; പൈലറ്റ് മരിച്ചു, ട്രെയിനിയെ കണ്ടെത്താൻ തെരച്ചിൽ

അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗവും കഴിഞ്ഞാല്‍ ഗുരുതരമായ ട്രാഫിക് അപകടങ്ങളുടെ മൂന്നാമത്തെ പ്രധാന കാരണമാണ് പെട്ടെന്നുള്ള ലെയിന്‍ മാറ്റമെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങള്‍ പെട്ടെന്ന് വളക്കുന്നത് കൂട്ടിയിടികള്‍ക്കും ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്കും ഇടയാക്കും. പലപ്പോഴും ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കാതെ ഡ്രൈവര്‍മാര്‍ പെട്ടെന്ന് ലെയിന്‍ മാറുമ്പോഴോ ഇന്റര്‍സെക്ഷനുകളില്‍ മറ്റ് വാഹനങ്ങള്‍ക്ക് മുന്നില്‍ പ്രവേശിക്കുമ്പോഴോ ഇത് സംഭവിക്കാം. ഇത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും പൊലീസ് അറിയിച്ചു.

ഈ വര്‍ഷം ആദ്യത്തെ ആറ് മാസത്തിനിടെ അശ്രദ്ധമായ ലെയിന്‍ മാറ്റങ്ങള്‍ ഉള്‍പ്പെടെ 262 അപകടങ്ങള്‍ ഉണ്ടായി. ഇവയില്‍ 25 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 299 പേര്‍ക്ക് നിസ്സാരമായ പരിക്കേല്‍ക്കുകയും ചെയ്തതായി ദുബായ് പൊലീസ് അറിയിച്ചു. വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് ലെയിന്‍ മാറുന്നത് വലിയ തോതില്‍ മരണത്തിനോ ഗുരുതരമായ പരിക്കിനോ കാരണമാവുന്ന അപകടങ്ങള്‍ക്ക് ഇടവരുത്തുന്നതായി പൊലിസ് പറഞ്ഞു. ഇത്തരം അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനും അപകടകരമായ ഡ്രൈവിംഗ് തടയുന്നതിനുമായി ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് ദുബൈ പൊലീസ് പുതിയ ശിക്ഷകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബറില്‍ പ്രഖ്യാപിക്കുകയും നവംബര്‍ 1-ന് പ്രാബല്യത്തില്‍ വരികയും ചെയ്ത ഏറ്റവും പുതിയ ഭേദഗതികള്‍ അനുസരിച്ച്, ഈ രീതിയില്‍ വാഹനം വെട്ടിച്ചുകയറ്റുന്നതും ഡ്രൈവിങിനിടയിലെ ഫോണ്‍ ഉപയോഗവും ഉള്‍പ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങള്‍ക്ക് 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. അതിനു പുറമെ, 1,000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. 2025 മാര്‍ച്ച് 29-ന് ബാധകമാകുന്ന 2024 ലെ ഫെഡറല്‍ നിയമ നമ്പര്‍ 14-ന്റെ ആര്‍ട്ടിക്കിള്‍ 31 പ്രകാരം ഇത്തരം ഗുരുതരമായ നിമയലംഘനങ്ങള്‍ക്ക് കാരണമാവുന്ന ഡ്രൈവറെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും പൊലിസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!