യുഎഇ നിരത്തിലൂടെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസി ഡ്രൈവര്‍ക്ക് വന്‍തുക പിഴ

By Web Team  |  First Published Nov 18, 2022, 10:28 PM IST

ബര്‍ ദുബൈയില്‍ ഇന്ത്യക്കാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് ഇയാള്‍ രക്ഷപ്പെട്ടു.


ദുബൈ: ദുബൈയില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രവാസി ഇന്ത്യക്കാരന് പിഴ ചുമത്തി. മദ്യപിച്ച് വാഹനമോടിച്ച ഇയാളുടെ വാഹനം മറ്റൊരു കാറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടസ്ഥലത്ത് നിന്ന് ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. 

25,000 ദിര്‍ഹമാണ് ഇയാള്‍ക്ക് പിഴ ചുമത്തിയത്. ഓഗസ്റ്റ് 18നാണ് 39കാരനായ ഇയാള്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെടുന്നത്. ബര്‍ ദുബൈയില്‍ ഇന്ത്യക്കാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് ഇയാള്‍ രക്ഷപ്പെട്ടു. എന്നാല്‍ ദുബൈ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പ്രവാസിയെ പിടികൂടുകയായിരുന്നു. 

Latest Videos

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി കണ്ടെത്തിയത്. രണ്ട് ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ പ്രവാസി പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. ചോദ്യം ചെയ്യലില്‍ മദ്യപിച്ച് വാഹനമോടിച്ചതായും അപകടമുണ്ടായപ്പോള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും ഇന്ത്യക്കാരന്‍ പറഞ്ഞു. ദുബൈയിലെ ട്രാഫിക് കോടതിയില്‍ ഹാജരാകാത്തതിനാല്‍ അസാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചത്. 25,000 ദിര്‍ഹം പിഴ അടച്ചില്ലെങ്കില്‍ എട്ടു മാസം തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. 

Read More -  വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്‍ത പ്രവാസികള്‍ക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി

യുഎഇയില്‍ വാഹനാപകടം; പിതാവും മകനും മരിച്ചു

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലൂടെ അമിതവേഗത്തിലെത്തിയ ഒരു വാഹനം പിതാവും മകനും സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം മറിയുകയും സംഭവസ്ഥലത്ത് തന്നെ പിതാവും മകനും മരിക്കുകയുമായിരുന്നു.

Read More -  രണ്ട് വര്‍ഷത്തിനിടെ ലഭിച്ചത് മൂന്ന് ലക്ഷം രൂപയുടെ ട്രാഫിക് ഫൈന്‍; ഹൗസ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി യുവതി

53കാരനായ പിതാവിന്റെ കാര്‍ വര്‍ക്ക്‌ഷോപ്പിലായതിനാല്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ പോയതാണ്  23കാരനായ മകന്‍. ഈ സമയത്താണ് അപകടമുണ്ടായതെന്ന് മരണപ്പെട്ടവരുടെ കുടുംബം പറഞ്ഞു. അശ്രദ്ധമായി വാഹനമോടിച്ചയാള്‍ക്ക് അപകടത്തില്‍ നിസ്സാര പരിക്കേറ്റിരുന്നു. ഇയാളെ ചികിത്സക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ നേരത്തെ ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളതാണ്.  

 

click me!