2018ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടതു മുതല്‍ ക്ഷേത്രത്തിന്റെ നിര്‍മാണ പുരോഗതി ഇന്ത്യന്‍ അംബാസഡര്‍ വിശദീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന ചരിത്രപരവും ശക്തമായതുമായ സാംസ്‍കാരിക ബന്ധത്തിന്റെ അടയാളമെന്നാണ് അദ്ദേഹം ക്ഷേത്രത്തെ വിശേഷിപ്പിച്ചത്.
അബുദാബി: അബുദാബിയില്‍ നിര്‍മാണത്തിലിരിക്കുന്ന, യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ശൈലിയിലുള്ള ഹിന്ദു ശിലാക്ഷേത്രമായ ബാപ്‍സ് ഹിന്ദു മന്ദിര്‍ സന്ദര്‍ശിച്ച് മുപ്പതിലേറെ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറിന്റെ ക്ഷണം സ്വീകരിച്ചാണ് ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്‍ഗാനിസ്ഥാന്‍, ജപ്പാന്‍, ഇന്തോനേഷ്യ, ഇസ്രയേല്‍, ബ്രസീല്‍, ബെല്‍ജിയം, ന്യൂസീലന്‍ഡ്, കാനഡ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരെത്തിയത്.
2018ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടതു മുതല്‍ ക്ഷേത്രത്തിന്റെ നിര്‍മാണ പുരോഗതി ഇന്ത്യന്‍ അംബാസഡര്‍ വിശദീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന ചരിത്രപരവും ശക്തമായതുമായ സാംസ്‍കാരിക ബന്ധത്തിന്റെ അടയാളമെന്നാണ് അദ്ദേഹം ക്ഷേത്രത്തെ വിശേഷിപ്പിച്ചത്. സമാധാനവും ഒത്തൊരുമയും സഹിഷ്ണുതയും സഹവര്‍ത്തിത്വവും ഉദ്ഘോഷിക്കുന്ന ബന്ധമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ ജനവിഭാഗങ്ങള്‍ സമാധാനത്തോടും പരസ്‍പര സഹകരണത്തോടെയും ജീവിക്കുന്ന സമൂഹം പടുത്തുയര്‍ത്താനുള്ള യുഎഇ ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടിനെയും അദ്ദേഹം പ്രശംസിച്ചു.
ക്ഷേത്രത്തെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ സംസാരിക്കുന്ന വീഡിയോ സന്ദേശം നയതന്ത്ര പ്രതിനിധികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ബാപ്‍സ് ഹിന്ദു മന്ദിര്‍ തലവന്‍ സ്വാമി ബ്രഹ്‍മവിഹാരിദാസും സന്ദര്‍ശന സമയത്ത് ഒപ്പമുണ്ടായിരുന്നു. അദ്ദേഹവുമായും അതിഥികള്‍ ആശയവിനിമയം നടത്തി. ക്ഷേത്രത്തെ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. നിര്‍മാണത്തിലെ മനോഹാരിതയ്ക്ക് അപ്പുറം സമാധാനത്തിന്റെയും സഹിഷ്‍ണുതയുടെയും അടയാളമായിരിക്കും ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു.
Read also: പൊതുസ്ഥലത്തെ പൊലീസ് നടപടി ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു; രണ്ട് പ്രവാസികള്‍ കുടുങ്ങി