8 വർഷം നാട്ടിൽ പോയിട്ടില്ല, മകളുടെ വിവാഹത്തിന് പോകാനൊരുങ്ങുന്നതിനിടെ മരണം; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

By Web TeamFirst Published Oct 18, 2024, 6:51 PM IST
Highlights

മകളുടെ വിവാഹത്തിന് നാട്ടിലേക്ക് പോകാനായി 20 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് മരിച്ചത്. 

റിയാദ്: ഹൃദയഘാതത്തെ തുടർന്ന് മരിച്ച കൊല്ലം വടക്കേവിള അൻജു വില്ലയിൽ അനി സരോജനി കുട്ടന്‍റെ (54) മൃതദേഹം നാട്ടിലെത്തിച്ചു. ഖമീസ് മുശൈത്ത്-റിയാദ് റോഡിൽ ദന്തഹ എന്ന സ്ഥലത്തുള്ള റിയാദ് ബ്ലോക്ക് കമ്പനിയിൽ 30 വർഷമായി ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. എട്ട് വർഷത്തിന് ശേഷം മകളുടെ വിവാഹത്തിന് നാട്ടിലേക്ക് പോകാനായി 20 ദിവസം ബാക്കിയിരിക്കേയാണ് മരണത്തിന് കീഴ്‌പ്പെടുന്നത്. 

വിസ കാലാവധി കഴിഞ്ഞതടക്കമുള്ള കാരണങ്ങൾ കൊണ്ടാണ് നാട്ടിൽ പോകാൻ കഴിയാതിരുന്നത്. ഒടുവിൽ പ്രശ്നങ്ങൾ പരിഹരിച്ച് എക്സിറ്റ് വിസ ശരിയാക്കി മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് മരിച്ചത്. ഒറ്റക്കാണ് താമസിച്ചിരുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയും അപ്പോൾ തന്നെ മരിക്കുകയും ചെയ്തു. പിറ്റേ ദിവസം സുഹൃത്തുക്കൾ അന്വേഷിച്ച് വന്നപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയും മൃതദേഹം ഖമീസ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. 

Latest Videos

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കാരുണ്യവിഭാഗം അംഗമായ ഹനീഫ് മഞ്ചേശ്വരം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ബന്ധുവായ പ്രശാന്ത് കൊല്ലം, അനിൽ ചങ്ങനാശ്ശേരി, ബിജു കായംകുളം എന്നിവരും സഹായത്തിന് ഉണ്ടായിരുന്നു. ഭാര്യ: ലൈജു, മക്കൾ: അഞ്ചു, മഞ്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!