പ്രവാസികൾക്ക് തിരിച്ചടി: വിദേശ വിമാന സർവീസ് ഉടൻ തുടങ്ങിയേക്കില്ലെന്ന് കേന്ദ്രം

By Web Team  |  First Published Jun 20, 2020, 4:05 PM IST

അതേസമയം, വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് എത്രത്തോളം യാത്രക്കാരുണ്ട് എന്നത് കണക്കിലെടുത്ത് വിമാനങ്ങൾ തുടങ്ങുന്ന കാര്യം പരിഗണിക്കാമെന്നും കേന്ദ്രവ്യോമയാനമന്ത്രാലയം വ്യക്തമാക്കുന്നു. 


ദില്ലി: സാധാരണഗതിയിലുള്ള വിദേശവിമാനസർവീസ് ഉടനടി തുടങ്ങാൻ കഴിയില്ലെന്ന സൂചന നൽകി വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി. സർവീസ് തുടങ്ങാൻ മറ്റ് രാജ്യങ്ങളുടെ അനുമതിയടക്കം ആവശ്യമാണ്. അവരുടെ അനുമതിയില്ലാതെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ കൊണ്ടുപോയി ഇറക്കാനോ ആളുകളെ തിരികെ കൊണ്ടുവരാനോ കഴിയില്ല. മറ്റ് രാജ്യങ്ങൾ സാധാരണ നിലയിൽ വിമാനസർവീസ് തുടങ്ങാമെന്ന് തീരുമാനിക്കുന്നത് വരെ നിലവിലുള്ളത് പോലെ നിയന്ത്രിതസർവീസ് മാത്രമേ ഉണ്ടാകൂ എന്നും വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. 

അതേസമയം, വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് എത്രത്തോളം യാത്രക്കാരുണ്ട് എന്നത് കണക്കിലെടുത്ത് വിമാനങ്ങൾ തുടങ്ങുന്ന കാര്യം പരിഗണിക്കാമെന്നും കേന്ദ്രവ്യോമയാനമന്ത്രാലയം വ്യക്തമാക്കുന്നു. നിലവിൽ വടക്കൻ അമേരിക്കയിലെ നഗരങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് നിരവധി ആളുകൾ യാത്ര ചെയ്യാനുണ്ട്. ഇത്തരത്തിൽ ഓരോ രാജ്യങ്ങളിലും നിലവിലുള്ള സ്ഥിതി കണക്കിലെടുത്താകും വിമാനസർവീസുകൾ തുടങ്ങുന്ന കാര്യം പരിഗണിക്കുകയെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഖരോല വ്യക്തമാക്കി. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സാധാരണവിമാനസർവീസുകൾ തുടങ്ങുമോ എന്നതിൽ വ്യക്തമായ മറുപടി കേന്ദ്രമന്ത്രി നൽകിയില്ല.

Latest Videos

വന്ദേഭാരത് മിഷന്‍റെ മൂന്നാമത്തേതും നാലാമത്തെയും ഘട്ടങ്ങളാണ് ഇനി നടപ്പാക്കുക. ഇതിൽ 750 സ്വകാര്യവിമാനസർവീസുകളും ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു. ഇതുവരെ വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ 2,75,000 ഇന്ത്യക്കാരെ തിരികെ വിമാനങ്ങളിലും കപ്പലുകളിലുമായി തിരികെ എത്തിച്ചുവെന്നാണ് കണക്കുകളെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു. 

In absence of a decision on resumption of international civil aviation which will depend on other countries opening up, we are left with no option but to continue what I call evacuation & repatriation flights under managed & controlled conditions: Civil Aviation Minister https://t.co/5geDr5kv7q

— ANI (@ANI)

മാർച്ച് 22-നാണ് ലോക്ക്ഡൗണിനോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ വിദേശവിമാനസർവീസുകൾ നിർത്തിവച്ചത്. അന്ന് രാത്രി 12 മണി മുതലിങ്ങോട്ട് വന്ദേഭാരത് മിഷനിലൂടെ ഉള്ള വിമാനസർവീസുകളും അനുമതിയോടെ വരുന്ന ചാർട്ടേഡ് വിമാനങ്ങളുമല്ലാതെ മറ്റ് സർവീസുകളൊന്നും രാജ്യത്ത് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. 

click me!