ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ ചിലര്‍ ക്വാറന്റീനില്‍ കഴിയാതെ പുറത്തിറങ്ങി നടക്കുന്നതായി കാണിച്ച്, അവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ ചിത്രങ്ങളടക്കം മോര്‍ഫ് ചെയ്ത് ചിലയിടങ്ങളില്‍ വ്യാപക പ്രചരണം നടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്.
ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ ചിലര്‍ ക്വാറന്റീനില്‍ കഴിയാതെ പുറത്തിറങ്ങി നടക്കുന്നതായി കാണിച്ച്, അവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മനഃപൂര്‍വം ചെയ്യുന്ന പ്രവൃത്തികള്‍ അനുവദിക്കാനാവില്ല. വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാജ വാര്‍ത്തകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡിനെക്കുറിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.