മലയാളിയായ കാർ ടെക്നീഷ്യന് ബിഗ് ടിക്കറ്റിലൂടെ 44 കോടിയുടെ സമ്മാനം; ടിക്കറ്റെടുത്തത് 20 സുഹൃത്തുക്കള്‍ ചേര്‍ന്ന്

By Web Team  |  First Published Oct 4, 2022, 3:48 PM IST

സമ്മാനമായി ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ഇന്നത്തെ നറുക്കെടുപ്പില്‍ വിജയിക്കുമെന്ന് ഒരു തരത്തിലുമുള്ള പ്രതീക്ഷയില്ലാതിരുന്നതിനാല്‍ പണം ചെലവഴിക്കുന്നത് സംബന്ധിച്ച് ഒരു ആലോചനയും ഉണ്ടായിട്ടില്ലെന്നായിരുന്നു പ്രതികരണം. 


അബുദാബി: കഴിഞ്ഞ ദിവസം രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 244-ാം സീരിസ് നറുക്കെടുപ്പില്‍ മലയാളി യുവാവിന് 44 കോടി രൂപയുടെ ( രണ്ട് കോടി ദിര്‍ഹം) ഒന്നാം സമ്മാനം. ജെബല്‍ അലിയിലെ ഒരു കാര്‍‌ കമ്പനിയില്‍ ഹെല്‍പറായി ജോലി ചെയ്യുന്ന പ്രദീപ് കെ.പിയാണ് ബിഗ് ടിക്കറ്റിലൂടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ മലയാളികള്‍ ഏറ്റവും ഒടുവിലത്തെയാളായി മാറിയത്. സഹപ്രവര്‍ത്തകരായ ഇരുപത് പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിലൂടെയാണ് പ്രദീപിനെ ഭാഗ്യം തേടിയെത്തിയത്. അതുകൊണ്ടുതന്നെ  സമ്മാനത്തുകയും ഇവര്‍ 20 പേരും വീതിച്ചെടുക്കും.

കഴിഞ്ഞ ഒരു വര്‍ഷമായി സുഹൃത്തുക്കള്‍ക്കൊപ്പം ഭാഗ്യം പരീക്ഷിക്കുകയാണ് പ്രദീപ്. സമ്മാന വിവരം അറിയിച്ചുകൊണ്ട് നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് അവതാരകര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അതിയായ സന്തോഷം പ്രകടിപ്പിച്ച പ്രദീപിന്, എന്നാല്‍ ആ വിവരം പൂര്‍ണമായി വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. സമ്മാനമായി ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ഇന്നത്തെ നറുക്കെടുപ്പില്‍ വിജയിക്കുമെന്ന് ഒരു തരത്തിലുമുള്ള പ്രതീക്ഷയില്ലാതിരുന്നതിനാല്‍ പണം ചെലവഴിക്കുന്നത് സംബന്ധിച്ച് ഒരു ആലോചനയും ഉണ്ടായിട്ടില്ലെന്നായിരുന്നു പ്രതികരണം. 

Latest Videos

കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റിന്റെ  244-ാം സീരീസ് 'മൈറ്റി - 20 മില്യന്‍' നറുക്കെടുപ്പില്‍ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. അബ്ദുല്‍ ഖാദര്‍ ഡാനിഷ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. 252203 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് 1,000,000 ദിര്‍ഹം ലഭിച്ചത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത് ആലമ്പറമ്പില്‍ അബൂ ഷംസുദ്ദീനാണ്. 201861 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹം സമ്മാനാര്‍ഹനായത്. 064378 എന്ന ടിക്കറ്റ് നമ്പറിലൂടെ മനോജ് മരിയ ജോസഫ് ഇരുത്തയം 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കി.

ഇതാദ്യമായി രണ്ട് വിജയികള്‍ക്ക് ജീപ്പ് ഗ്രാന്റ് ചെറോക് കാര്‍ സമ്മാനമായി നേടാനുള്ള അവസരവും ബിഗ് ടിക്കറ്റിലൂടെ ഇക്കുറി ലഭിച്ചു. ജീപ്പ് ഗ്രാന്റ് ചെറോക് സീരീസ് - എട്ട് സ്വന്തമാക്കിയ രണ്ടുപേരും ഇന്ത്യക്കാരാണ്. 010952 എന്ന ടിക്കറ്റ് നമ്പറിലൂടെ ഷാജി പുതിയ വീട്ടില്‍ നാരായണന്‍ പുതിയ വീട്ടിലും 016090 എന്ന ടിക്കറ്റ് നമ്പറിലൂടെ മുഹമ്മദ് അലി പാറത്തൊടിയുമാണ് വിജയികളായത്.

നവംബറില്‍ നടക്കാനിരിക്കുന്ന അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് 2.5 കോടി ദിര്‍ഹമായിരിക്കും (50 കോടിയോളം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും 1,00,000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും അന്ന് വിജയികളെ കാത്തിരിക്കുന്നു. കൂടുതല്‍ പേര്‍ക്ക് വിജയികളാവാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി 10 ഭാഗ്യവാന്മാര്‍ക്ക് 20,000 ദിര്‍ഹം വീതവും സമ്മാനം നല്‍കും. വരാനിരിക്കുന്ന നറുക്കെടുപ്പുകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും മറ്റ് അറിയിപ്പുകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കാം.

ഓരോ ആഴ്ചയും ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സമ്മാനമായി നല്‍കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ...

  • പ്രൊമോഷന്‍ 1: ഒക്ടോബര്‍ 1 - 9, നറുക്കെടുപ്പ് തീയതി -  ഒക്ടോബര്‍ 10  (തിങ്കളാഴ്ച)
  • പ്രൊമോഷന്‍ 2: ഒക്ടോബര്‍ 10 - 16, നറുക്കെടുപ്പ് തീയതി -  ഒക്ടോബര്‍ 17  (തിങ്കളാഴ്ച)
  • പ്രൊമോഷന്‍ 3: ഒക്ടോബര്‍ 17 - 23, നറുക്കെടുപ്പ് തീയതി -  ഒക്ടോബര്‍ 24  (തിങ്കളാഴ്ച)
  • പ്രൊമോഷന്‍ 4: ഒക്ടോബര്‍ 24 - 31, നറുക്കെടുപ്പ് തീയതി -  നവംബര്‍ 1  (ചൊവ്വാഴ്‍ച)

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

click me!