രാജ്യത്തെവിടെയും പ്രവർത്തിക്കാം, ഒറ്റത്തവണ രജിസ്ട്രേഷൻ മതിയാകും; വമ്പൻ തീരുമാനവുമായി സൗദി മന്ത്രിസഭായോഗം

By Web TeamFirst Published Sep 20, 2024, 4:56 AM IST
Highlights

വാണിജ്യ രജിസ്ട്രേഷനും ട്രേഡ് നെയിമും സംബന്ധിച്ചുള്ള വ്യവസ്ഥകൾ പരിഷ്കരിച്ചത് കച്ചവടം സുഗമമാക്കുന്നതിനും വാണിജ്യ സ്ഥാപനങ്ങളുടെ ഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നതാണെന്ന് വാണിജ്യ മന്ത്രി മാജിദ് ബിൻ അബ്‍ദുള്ള അൽ ഖസബി പറഞ്ഞു

റിയാദ്: പുതിയ വാണിജ്യ രജിസ്ട്രേഷൻ വ്യവസ്ഥകൾക്ക് ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതോടെ സ്ഥാപനങ്ങൾക്ക് രാജ്യത്താകെ ഒറ്റ വാണിജ്യ രജിസ്ട്രേഷൻ മതിയാകും. ഒരു ട്രേഡ് ലൈസൻസിൽ രാജ്യത്തെവിടെയും പ്രവർത്തിക്കാനാവും, ബ്രാഞ്ചുകൾ തുറക്കാനാവും. വ്യാപാര നാമത്തിന്‍റെ (ട്രേഡ് നെയിം) രജിസ്ട്രേഷനും സംരക്ഷണത്തിനും പുതിയ നിയമങ്ങൾ നിജപ്പെടുത്തിയിട്ടുണ്ട്.

വാണിജ്യ രജിസ്ട്രേഷനും ട്രേഡ് നെയിമും സംബന്ധിച്ചുള്ള വ്യവസ്ഥകൾ പരിഷ്കരിച്ചത് കച്ചവടം സുഗമമാക്കുന്നതിനും വാണിജ്യ സ്ഥാപനങ്ങളുടെ ഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നതാണെന്ന് വാണിജ്യ മന്ത്രി മാജിദ് ബിൻ അബ്‍ദുള്ള അൽ ഖസബി പറഞ്ഞു. ഇനി രാജ്യതലത്തിൽ വാണിജ്യ ലൈസൻസിന് ഒറ്റ രജിസ്ട്രേഷൻ മതിയാകും. ട്രേഡ് നെയിമുകളുടെ അവകാശം സംരക്ഷിക്കുന്നതും അവയുടെ മൂല്യം വർധിപ്പിക്കുന്നതുമാണ് പുതിയ വ്യവസ്ഥകളെന്നും വാണിജ്യ മന്ത്രി പറഞ്ഞു.

Latest Videos

സ്ഥാപനങ്ങൾക്കും കമ്പനികൾക്കും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബ്രാഞ്ചുകൾ തുറക്കാനോ അനുബന്ധ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനോ ഉപ രജിസ്ട്രേഷൻ വേണ്ട. അത്തരം ഉപരജിസ്ട്രേഷൻ സംവിധാനങ്ങൾ റദ്ദാക്കി. ഒറ്റ വാണിജ്യ രജിസ്ട്രേഷനിൽ സ്ഥാപനത്തിന് എവിടെയും ബ്രാഞ്ചുകൾ തുറക്കാനും അനുബന്ധ സ്ഥാപനങ്ങൾ ആരംഭിക്കാനും കഴിയും. സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യതകൾ ഇതുമൂലം നല്ല രീതിയിൽ ലഘൂകരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

നിലവിലുള്ള ഇത്തരം ഉപ രജിസ്ട്രേഷനുകൾ ഇല്ലാതാക്കാനും ഒറ്റ രജിസ്ട്രേഷനാക്കി മാറ്റുന്നതിനും സ്ഥാപനങ്ങൾക്ക് അഞ്ച് വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളിൽ എല്ലാ രേഖകളും ശരിയാക്കണം. സ്ഥാപനത്തിനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ വാണിജ്യ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. വാണിജ്യ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് ഇനി കാലഹരണ തീയതിയുണ്ടാവില്ല. അതിനാൽ പഴയത് പോലെ പുതുക്കുകയും വേണ്ട. പകരം ഓൺലൈനിലൂടെ വർഷാവസാനം കൺഫോം ചെയ്താൽ മതി. ഇഷ്യു ചെയ്ത തീയതി മുതൽ ഓരോ 12-ാം മാസത്തിലും വാണിജ്യ രജിസ്റ്റർ ഡാറ്റ അപ്ഡേറ്റ് ചെയ്ത് സ്ഥിരീകരണം നേടണം.

എന്നാൽ ഇങ്ങനെ കൺഫോം ചെയ്യാൻ മൂന്ന് മാസം വൈകിയാൽ രജിസ്ട്രേഷൻ രേഖകളെ താൽക്കാലികമായി തടഞ്ഞുവയ്ക്കും. അതിന് ശേഷം ഒരു വർഷം കഴിഞ്ഞും അപ്ഡേറ്റ് ചെയ്ത് കൺഫോം ചെയ്തില്ലെങ്കിൽ രജിസ്േട്രഷൻ സ്വയമേവ ഇല്ലാതാകും. റിസർവ് ചെയ്തതോ, ‘ഉടമയുടെ സമ്മതമില്ലാതെ’ എന്ന് വ്യവസ്ഥ ചെയ്തതോ ആയ വ്യപാരനാമം മറ്റെരാൾ ഉപയോഗിക്കുന്നതിനും പുതിയ നിയമം വിലക്കുന്നു. വ്യാപാരനാമം ഉചിതമായിരിക്കണമെന്നും തെറ്റിദ്ധരിപ്പിക്കുന്നതാവരുതെന്നും പുതിയ നിയമം പറയുന്നു.

സ്ഥാപനത്തിന്‍റെ പ്രവർത്തനം വ്യത്യസ്‌തമാകുമ്പോൾ പോലും മറ്റൊരു സ്ഥാപനത്തിന്‍റെ പേരിന് സമാനമായ ഒരു വ്യാപാരനാമം ബുക്ക് ചെയ്തുന്നതോ, രജിസ്റ്റര്‍ ചെയ്യുന്നതോ വിലക്കിയിട്ടുണ്ട്. വാണിജ്യ രജിസ്റ്റർ, വ്യാപാര നാമ വ്യവസ്ഥകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 180 ദിവസങ്ങൾക്ക് ശേഷം പ്രാബല്യത്തിൽ വരും.

15000 കീ.മി റോഡ് വെറും മുന്നേകാൽ വർഷത്തിൽ, സൂപ്പർ റോഡുകളിൽ കേരളത്തിന്‍റെ കുതിപ്പ്; സന്തോഷം പങ്കുവെച്ച് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!