മരുഭൂമിയിൽ കണ്ടെത്തിയത് വെങ്കലയുഗ നഗരം; 'അൽ നതാഹി'ന്‍റെ പഴക്കം ബിസി 2400

By Web Team  |  First Published Nov 5, 2024, 2:28 PM IST

'വടക്കുപടിഞ്ഞാറൻ സൗദിയിലെ ഖൈബറിൽ കണ്ടത് ബി.സി 2400 നും 1300 നുമിടയിലെ ‘അൽ നതാഹ്’ നഗരത്തിന്‍റെ ശേഷിപ്പുകൾ. 


റിയാദ്: വെങ്കല യുഗത്തിലെ ഒരു നഗരത്തെ സൗദി അറേബ്യയിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഖൈബർ മരുപ്പച്ചയിലാണ് ബി.സി 2400 മുതൽ 1300 വരെയുള്ള കാലഘട്ടത്തിലേതെന്ന് കരുതുന്ന പൗരാണിക നഗരാവശിഷ്ടങ്ങൾ ഗവേഷകർ കണ്ടെത്തിയതെന്ന് അൽ ഉല റോയൽ കമീഷൻ അറിയിച്ചു. ‘പ്ലോസ് വൺ’ എന്ന ശാസ്ത്ര ജേർണലാണ് ഈ പുരാതന ചരിത്രത്തിെൻറ നാൾവഴികളിലേക്ക് വെളിച്ചം വീശുന്ന പഠനം  പ്രസിദ്ധീകരിച്ചത്. റിയാദിലെ സൗദി പ്രസ് ഏജൻസി കോൺഫറൻസ് സെൻററിൽ അൽ ഉല റോയൽ കമീഷൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചരിത്രാതീത കാലത്തെ ശിലായുഗത്തിനു ശേഷമുള്ള കാലഘട്ടമാണ് വെങ്കല യുഗം എന്നറിയപ്പെടുന്നത്. മനുഷ്യർ, വേട്ട അടക്കമുള്ള ജീവിതായോധനത്തിന് വെങ്കല ലോഹം ഉപയോഗിക്കാൻ തുടങ്ങിയ ഈ കാലഘട്ടത്തിലെ ജീവിതരീതികളെയും നാഗരികതയെയും കുറിച്ച് കൂടുതൽ അറിയാൻ പുതിയ കണ്ടെത്തൽ സഹായിക്കും. ക്രിസ്തുവിന് മുമ്പ് ഏകദേശം മൂന്നാം സഹസ്രാബ്ദത്തിെൻറ രണ്ടാം പകുതിയിലാണ് (BC 2400) വെങ്കല യുഗം ആരംഭിച്ചത് എന്നാണ് നിഗമനമെന്ന് ഫ്രഞ്ച് നാഷനൽ സെൻറർ ഫോർ സയൻറിഫിക് റിസർച്ചിലെ ഗവേഷകയും റോയൽ കമീഷൻ ആർക്കിയോളജിക്കൽ സർവേ മാനേജറുമായ ഡോ. മുനീറ അൽമുഷാവ് പറഞ്ഞു. ഖൈബർ പോലുള്ള സൗദിയിലെ പ്രദേശങ്ങൾ നാഗരികതയുടെ ഒരു കാലത്തെ സുപ്രധാന കേന്ദ്രങ്ങളായിരുന്നുവെന്ന് ഇതിനകം ചരിത്രവര്യവേക്ഷണങ്ങളാൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

Latest Videos

undefined

നാടോടി സമൂഹങ്ങളുടെ വ്യാപാര, വാണിജ്യ കേന്ദ്രങ്ങളായും കാർഷികവൃത്തിയുടെ പ്രദേശമായും ഖൈബർ അറിയപ്പെട്ടിരുന്നു. ഈ നഗരരൂപകൽപ്പനയുടെ ആവിർഭാവം പ്രദേശത്തിെൻറ സാമൂഹിക, സാമ്പത്തികമേഖലയിൽ വലിയ സ്വാധീനം ചെലുത്തി. വെങ്കലയുഗത്തിൽ വടക്കുപടിഞ്ഞാറൻ അറേബ്യൻ ഉപദ്വീപ് നാടോടികളായ മനുഷ്യരുടെ വാസകേന്ദ്രം കൂടിയായിരുന്നു.

ഖൈബറിൽ ഇപ്പോൾ കണ്ടെത്തിയ വെങ്കല യുഗത്തിലെ ഈ നഗരത്തിെൻറ പേര് ‘അൽ നതാഹ്’ എന്നാണ്. കോട്ടകളും പാർപ്പിടങ്ങളും ശവസംസ്കാര സ്ഥലങ്ങളുമായിട്ടുള്ള ശേഷിപ്പുകളാണ് ഇപ്പോൾ കണ്ടെത്തിയത്. വെങ്കല യുഗ കാലഘട്ടത്തിൽ സജീവമായ ഒരു നഗരത്തിേൻറതാണ് ഈ അവശേഷിപ്പുകളെന്ന്  വ്യക്തമാകുന്നതാണ് കണ്ടെത്തലുകളെല്ലാം. 2.6 ഹെക്ടർ വിസ്തൃതിലാണ് നഗരം പണിതത്. ഈ ഭാഗത്തെ മരുപ്പച്ചയുടെ സംരക്ഷണത്തിനായി 15 കിലോമീറ്റർ നീളമുള്ള ഒരു കൽമതിൽ നിർമിച്ചിരുന്നതിൻ്റെ തെളിവുകളും കണ്ടെത്തി.

പാർപ്പിട സ്ഥലങ്ങൾക്കിടയിൽ നിന്ന് നഗരമധ്യത്തിലേക്കുള്ള ഇടുങ്ങിയ പാതകളുടെ ശേഷിപ്പുകൾ,  മൺപാത്രങ്ങൾ, മഴു, കഠാരകൾ പോലുള്ള ലോഹ ഉപകരണങ്ങൾ എന്നിവ കണ്ടെത്തിയവയിൽപ്പെടുന്നു. വെങ്കല യുഗത്തിലെ ആളുകളുടെ ജീവിതം, ഉയർന്ന സാമൂഹിക പദവി എന്നിവ വെളിവാക്കുന്നതാണ്  കണ്ടെത്തലുകൾ. ജോലി ചെയ്യാൻ ലോഹം ഉപയോഗിച്ചിരുന്ന ജനതയായിരുന്നു അക്കാലത്തേത്. അവരുടെ വസ്ത്രങ്ങൾ മുത്തുകൾ കൊണ്ട് അലങ്കരിച്ചിരുന്നു.

Read Also - വൻ ഡിമാൻഡ്, പ്രധാന തീരുമാനം പ്രഖ്യാപിച്ച് ലുലു; ഐപിഒ ഓഹരി ലിസ്റ്റിങ്ങ് വർധിപ്പിച്ചു

 അൽ നതാഹ് നഗരത്തിൽ അക്കാലത്ത് തന്നെ ഉയർന്ന ഒരു നാഗരിക ജീവിത സംസ്കാരമാണ് ഉണ്ടായിരുന്നതെന്ന് ഇതുവരെയുള്ള കണ്ടെത്തലുകൾ തെളിയിക്കുന്നതായി ഗവേഷകർ പറഞ്ഞു. ഫ്രഞ്ച് ഏജൻസി ഫോർ ഡെവലപ്‌മെൻറ് ഓഫ് അൽഉല, ഫ്രഞ്ച് നാഷനൽ സെൻറർ ഫോർ സയൻറിഫിക് റിസർച്ച് എന്നിവയുടെ സഹകരണത്തോടെയാണ് റോയൽ കമീഷൻ ഫോർ അൽഉല പ്രദേശത്ത് ഖനനം ഉൾപ്പടെയുളള പഠനം നടത്തിയത്. കമീഷൻ നിലവിൽ 10 പുരാവസ്തു പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. ഇതിനായി അൽ ഉലയിലും ഖൈബറിലും 100 ഓളം പുരാവസ്തു ഗവേഷകരും വിദഗ്ധരും വർഷങ്ങളായി ഗവേഷണം ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!