Pappan Chiranthana : പപ്പൻ ചിരന്തനയുടെ വേർപാടിൽ ബഹ്റൈൻ പ്രതിഭ അനുശോചനം രേഖപ്പെടുത്തി

By K T Noushad  |  First Published Jan 11, 2022, 1:18 PM IST

നാടക പ്രവർത്തകനും സിനിമാ സീരിയൽ നടനുമായിരുന്ന പപ്പൻ ചിരന്തനയുടെ നിര്യാണത്തില്‍ ബഹ്റൈന്‍ പ്രതിഭ അനുശോചനം രേഖപ്പെടുത്തി.


മനാമ: പ്രമുഖ നാടക പ്രവർത്തകനും സിനിമാ സീരിയൽ നടനും പ്രതിഭയുടെ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന പപ്പൻ ചിരന്തനയുടെ നിര്യാണത്തില്‍ ബഹ്റൈൻ പ്രതിഭ അനുശോചനം രേഖപ്പെടുത്തി. 1980കളിൽ ബഹ്റൈനിലേക്ക് വന്ന പപ്പൻ ചിരന്തന, 1985ൽ ഇബ്രാഹീം വേങ്ങര കോഴിക്കോട് കേന്ദ്രമാക്കി ചിരന്തന എന്ന നാടക സമിതി രൂപീകരിച്ചപ്പോൾ അതിന്റെ അരങ്ങിലും അണിയറയിലും സജീവമായി പ്രവർത്തിക്കാനായാണ് നാട്ടിലേക്ക് മടങ്ങിയത്. 

നാടക ലോകം ജീവിതത്തിന്റെ രണ്ടറ്റവും കുട്ടി മുട്ടിക്കാൻ അപര്യാപ്‍തമായപ്പോൾ വീണ്ടും പ്രവാസത്തിലേക്ക് തിരികെ പ്രവേശിക്കേണ്ടി വന്നു. ബഹറൈൻ പ്രതിഭ, കേരള സമാജം തുടങ്ങിയ സംഘടനകളിലും നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു. പ്രവാസി ജീവിതത്തിനു ശേഷം കലാ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു. 

Latest Videos

undefined

കുടുംബത്തിന്റെ ഉത്തരവാദിത്വവും നാടകത്തോടുള്ള പ്രതിബദ്ധതയും ഒരേ സമയം മുറുകെ പിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുസ്‍മരണ യോഗത്തില്‍ സംസാരിച്ചവർ അനുസ്മരിച്ചു. കലാകാരൻമാരെ വലിപ്പചെറുപ്പമില്ലാതെ വിലമതിക്കാൻ കഴിഞ്ഞ വിശാല ഹൃദയനായ അദ്ദേഹത്തിന്റെ മികച്ച നാടക സംസ്ക്കാരം വരും തലമുറയ്ക്ക് പകർന്ന് നൽകലാണ് അദ്ദേഹത്തോട് ചെയ്യാവുന്ന  ഏറ്റവും വലിയ അനുസ്മരണമെന്നും സംസാരിച്ചവർ കൂട്ടിച്ചേർത്തു.

യോഗത്തിൽ  ജനറൽ സെക്രട്ടറി പ്രദീപ് പതേരി, വൈസ് പ്രസിഡന്റ് ശശിധരൻ ഉദിനൂർ, മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ, എ.വി. അശോകൻ, വീര മണി, രാമചന്ദ്രൻ ഒഞ്ചിയം, ഷെറീഫ് കോഴിക്കോട്, ട്രഷറർ മിജോഷ് മൊറാഴ, നാടക പ്രവർത്തകനും പപ്പൻ ചിരന്തനയുടെ സുഹൃത്തുമായ കൃഷ്ണകുമാർ പയ്യന്നൂർ, ഷീജ വീരമണി, ഷീബ രാജീവൻ, നാടക വേദി കൺവീനർ  മനോജ് തേജസ്വിനി, സുഹൃത്തും നാടക കലാകാരനുമായ ഗണേശ് എന്നിവർ സംസാരിച്ചു.

click me!