ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‍വേയ്ക്ക് സമീപം ബിലാദ് അല്‍ ഖദീമില്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്.
മനാമ: ബഹ്റൈനില്‍ ജോലിയ്ക്കിടെ വാഹനമിടിച്ച് മരിച്ചയാള്‍ ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം ശൈഖ് ഇസാ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ നവീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇന്ത്യന്‍ പൗരനായ നര്‍സയ്യ യെടപ്പള്ളി (57) ആണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‍വേയ്ക്ക് സമീപം ബിലാദ് അല്‍ ഖദീമില്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. സൗദി പൗരന്‍ ഓടിച്ചിരുന്ന കാര്‍ തൊഴിലാളികള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡ് അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. നര്‍സയ്യ അപകടസ്ഥലത്തു വെച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ മറ്റ് തൊഴിലാളികളെ ഉടന്‍ തന്നെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്ത് പാര്‍ക്ക് ചെയ്‍തിരുന്ന ഒരു പൊലീസ് വാഹനത്തിനും കേടുപാടുകള്‍ പറ്റി.
അപകടമുണ്ടാക്കിയ വാഹനം പിന്നീട് സ്ഥലത്തുനിന്ന് നീക്കം ചെയ്തു. തൊഴിലാളികള്‍ ധരിച്ചിരുന്ന ഹെല്‍മറ്റുകളും ഷൂസുകളും ഉള്‍പ്പെടെയുള്ളവ സ്ഥലത്ത് ചിതറിക്കിടക്കുകയായിരുന്നു. പരമാവധി ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ജനങ്ങള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് ലഘൂകരിക്കാനും വേണ്ടിയാണ് ഹൈവേ അറ്റകുറ്റപ്പണികള്‍ വാരാന്ത്യ ദിനങ്ങളില്‍ പുലര്‍ച്ചെയുള്ള സമയങ്ങളില്‍ നടത്തുന്നത്. ഇങ്ങനെ ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. അതേസമയം അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്ന സൗദി പൗരനെ അറസ്റ്റ് ചെയ്ത പൊലീസ്, ഇയാള്‍ക്കെതിരെ നിയമനടപടി തുടങ്ങിയിട്ടുണ്ട്. ഇയാള്‍ മദ്യപിച്ചിരുന്നോ എന്നതടക്കം കണ്ടെത്താനുള്ള പരിശോധനകള്‍ക്ക് വിധേയനാക്കി. ഇയാളെ ചോദ്യം ചെയ്തുവരുന്നതായും അധികൃതര്‍ അറിയിച്ചു.
Read also: സ്‍ത്രീകള്‍ ഉള്‍പ്പെടെ 67 പ്രവാസികളെ അറസ്റ്റ് ചെയ്‍തു; വിവിധ പ്രദേശങ്ങളില്‍ പരിശോധന തുടരുന്നു