ഹോട്ടലിലെത്തിയ അതിഥിയുടെ കയ്യില്‍ ബാഗുണ്ടായിരുന്നു. പക്ഷേ ജീവനക്കാര്‍ക്ക് ഈ ബാഗ് കണ്ടപ്പോള്‍ സംശയം തോന്നി. അവര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചു.
കുവൈത്ത് സിറ്റി: ഹോട്ടലിലെത്തിയ അതിഥിയില്‍ നിന്ന് പിടിച്ചെടുത്തത് മയക്കുമരുന്ന്. കുവൈത്തിലാണ് സംഭവം. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് മയക്കുമരുന്ന് കടത്ത് പുറത്തുകൊണ്ടുവന്നത്.
വടക്ക്-പടിഞ്ഞാറ് കുവൈത്തിലെ ജഹ്റ ഗവര്‍ണറേറ്റിലാണ് സംഭവം ഉണ്ടായത്. ഗൾഫ് പൗരനായ ഒരു അതിഥിയുടെ കൈവശം സംശയകരമായ ബാഗ് കണ്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു.
Read Also - കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ; അഴിമതി കേസുകളിൽ കഴിഞ്ഞ വർഷം സൗദിയിൽ അറസ്റ്റിലായത് 1,708 പേർ
ബാഗ് തുറന്നപ്പോള്‍ ബാഗിനുള്ളില്‍ 187 ലിറിക്ക ഗുളികകള്‍, 14 ഹാഷിഷ് കഷണങ്ങള്‍, അജ്ഞാത പദാര്‍ത്ഥം നിറച്ച 5 സിറിഞ്ചുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഉപയോഗിക്കാന്‍ തയ്യാറാക്കിയ ഹെറോയിന്‍ ആണിതെന്നാണ് സംശയമെന്ന് 'അല്‍ അന്‍ബ' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി.