ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്ത പ്രൗഡ് ടു ബി ആൻ ഇന്ത്യൻ പ്രവേശന പരീക്ഷയിൽ നിന്നാണ് യാത്രയ്ക്കുള്ള പതിനാറ് വിദ്യാർഥികളെ തിരഞ്ഞെടുത്തത്. യുഎഇയിലെ വിവിധ മേഖലകളിൽ നടന്ന സ്മാർട് ക്വിസ് വിജയിച്ച നാല് വിദ്യാർഥികളും, റേഡിയോ ഏഷ്യ നടത്തിയ മൽസരത്തിൽ വിജയിച്ച രണ്ട് പേരും യാത്രാസംഘത്തിൽ ഇടം നേടി
ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘം ജനുവരി 25ന് ഇന്ത്യയിലേക്ക് യാത്രതിരിക്കും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ ഡോക്ടർ അമൻ പുരി 24ന് വൈകിട്ട് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. 26ന് ദില്ലി കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് സംഘം സാക്ഷ്യം വഹിക്കും.
ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്ത പ്രൗഡ് ടു ബി ആൻ ഇന്ത്യൻ പ്രവേശന പരീക്ഷയിൽ നിന്നാണ് യാത്രയ്ക്കുള്ള പതിനാറ് വിദ്യാർഥികളെ തിരഞ്ഞെടുത്തത്. യുഎഇയിലെ വിവിധ മേഖലകളിൽ നടന്ന സ്മാർട് ക്വിസ് വിജയിച്ച നാല് വിദ്യാർഥികളും, റേഡിയോ ഏഷ്യ നടത്തിയ മൽസരത്തിൽ വിജയിച്ച രണ്ട് പേരും യാത്രാസംഘത്തിൽ ഇടം നേടി.
ഡിമോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റി ദുബായിലായിരുന്നു ഇത്തവണ പ്രവേശന പരീക്ഷ. ഇന്ത്യയുടെ ചിരിത്രം വർത്തമാനം, പൊതുവിജ്ഞാനം എന്നീ മേഖലകളെ അടിസ്ഥാനമാക്കിയായിരുന്നു പ്രവേശപരീക്ഷയിലെ ചോദ്യങ്ങൾ. ഒഎംആർ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ നാൽപത് ചോദ്യങ്ങളായിരുന്നു പ്രവേശനപരീക്ഷയിലുണ്ടായിരുന്നത്. പരീക്ഷ പൂർത്തിയായി ഒരു മണിക്കൂറിനുള്ളിൽ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. വിജയിച്ച വിദ്യാർത്ഥികൾക്ക് ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എഡിറ്റർ മനോജ് കെ ദാസ് ദേശീയ പതാക കൈമാറി.
പ്രവേശന പരീക്ഷയോട് അനുബന്ധിച്ച് പ്രശസ്ത ക്വിസ് മാസ്റ്റർ ചാൾസ് ആൻഡ്രൂസ് കുട്ടികൾക്കായി രസകരമായ ക്വിസ് മൽസരവും ഒരുക്കിയിരുന്നു. പ്രശസ്ത കരിയർ വിദഗ്ദൻ പ്രവീൺ പരമേശ്വറും വിദ്യാർഥികളുമായി സംവദിച്ചു. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ പരീക്ഷയിൽ വിജയിച്ച കുട്ടികളെ അഭിനന്ദിക്കാനെത്തി.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മേഖലാ തല ക്വിസ് മൽസരങ്ങൾ വഴിയും പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘത്തിലേക്കുള്ള വിദ്യാർഥികളെ കണ്ടെത്തി. ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലായിരുന്നു മേഖലാ ക്വീസ് മൽസരങ്ങൾ നടത്തിയത്.
2013ൽ ആരംഭിച്ച പ്രൗഡ് ടു ബി ആൻ ഇന്ത്യൻ യാത്രയുടെ ഒമ്പതാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. ഗൾഫിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നതിനും ഇന്ത്യയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമുള്ള അവസരമാണ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ വഴി ലഭിക്കുന്നത്. യാത്രയുടെ ചിലവ് പൂർണമായി ഏഷ്യാനെറ്റ് ന്യൂസ് വഹിക്കും. വിദ്യാർഥികൾക്കൊപ്പം അധ്യാപകർക്കും യാത്രയിൽ പങ്കാളികളാകാൻ അവസരമുണ്ട്.
കോവിഡ് മൂലം രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ വീണ്ടുമെത്തുന്നത്. ജോയ് ആലുക്കാസ് ഗ്രൂപ്പാണ് പ്രൗഡ് ടു ബി ആൻ ഇന്ത്യന്റെ മുഖ്യസ്പോൺസർ. കോറൽ പെർഫ്യൂം, കോംപ്ലാൻ എന്നിവരും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. ഫെഡറൽ ബാങ്ക്, ഈസ്റ്റേൺ, ഡിമോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റി ദുബായ്, എംടിആർ, എന്നിവരാണ് മറ്റ് സ്പോൺസർമാർ. ഗൾഫ് മാധ്യമം പ്രിൻറ് പാർട്ട്ണറും റേഡിയോ ഏഷ്യ റേഡിയോ പാർട്ട്ണറുമാണ്. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ് ആണ് പരിപാടിയുടെ ഏകോപനം നിർവഹിക്കുന്നത്.