എയര്‍ ഇന്ത്യ എക്സ്‍പ്രസിനൊപ്പം ബജറ്റ് എയര്‍ലൈനായ ഇന്റിഗോയും എമിറേറ്റ്സും എന്നിവയും കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അബുദാബി: ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ ആകര്‍ഷകമായ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് വിമാന കമ്പനികകള്‍. പൊതുവെ തിരക്ക് കുറവായതിനാല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് കമ്പനികളുടെ നീക്കം. എയര്‍ ഇന്ത്യ എക്സ്‍പ്രസിനൊപ്പം ബജറ്റ് എയര്‍ലൈനായ ഇന്റിഗോയും എമിറേറ്റ്സും എന്നിവയും കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 13 വരെയാണ് ഇന്റിഗോ പ്രഖ്യാപിച്ച ഓഫറുകള്‍ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ജനുവരി 24 മുതല്‍ ഏപ്രില്‍ 15 വരെയുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ ടിക്കറ്റെടുക്കാം. ആഭ്യന്തര യാത്രകള്‍ക്ക് 899 രൂപ മുതലും തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര സെക്ടറുകളില്‍ 3399 രൂപയ്ക്കും ടിക്കറ്റ് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.
undefined
ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് യുഎഇയില്‍ നിന്നുള്ള യാത്രയ്ക്ക് എയര്‍ ഇന്ത്യ എക്സ്‍പ്രസും ഓഫറുകള്‍ പ്രഖ്യാപിച്ചു. ജനുവരി 15 മുതല്‍ മാര്‍ച്ച് 26 വരെയുള്ള യാത്രകള്‍ക്കായാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. ദുബായ്, ഷാര്‍ജ, അല്‍ഐന്‍ എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് 260 ദിര്‍ഹമാണ് നിരക്ക്. ദുബായില്‍ നിന്ന് ദില്ലി, പൂനൈ എന്നിവിടങ്ങളിലേക്കും ഇതേ നിരക്ക് തന്നെ. ദുബായില്‍ നിന്ന് മംഗലാപുരത്തേക്ക് 290 ദിര്‍ഹം നല്‍കണം. ഷാര്‍ജയില്‍ നിന്ന് കണ്ണൂരേക്ക് 399 ദിര്‍ഹമായിരിക്കും നിരക്ക്. എന്നാല്‍ ഷാര്‍ജയില്‍ നിന്ന് മുംബൈയിലേക്ക് 255 ദിര്‍ഹം മാത്രം നല്‍കിയാല്‍ മതി. അബുദാബിയിൽ നിന്നും അൽഐനിൽ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യണമെങ്കിൽ 349 ദിർഹം നൽകണം. അബുദാബിയില്‍ നിന്ന് കണ്ണൂർ, മംഗളുരു സെക്ടറുകളില്‍ 469 ദിർഹമായിരിക്കും. ഈ മാസം പതിനഞ്ചാം തീയ്യതി വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റെടുക്കാം.
കേരളത്തില്‍ തിരുവനന്തപുരത്തേക്ക് മാത്രമാണ് എമിറേറ്റ്സ് ഓഫറുകള്‍ പ്രഖ്യാപിച്ചത്. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇക്കണോമി ക്ലാസില്‍ 825 ദിർഹമും ബിസിനസ് ക്ലാസിൽ ഇത് യഥാക്രമം 3395 ദിര്‍ഹവുമായിരിക്കും നിരക്ക്. നവംബർ 30 വരെ യാത്രകള്‍ക്കായി ഈ മാസം 22 വരെ ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം.