സാനിറ്റൈസറുകളില്‍ ആല്‍ക്കഹോള്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവ തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കാറുകള്‍ക്കുള്ളില്‍ സൂക്ഷിക്കരുത്. ജനങ്ങള്‍ ജാഗ്രത പാലിക്കുകയും തീപിടുത്തം തടയുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു.
അബുദാബി: ഹാന്റ് സാനിറ്റൈസറുകള്‍ വാഹനങ്ങളില്‍ വെച്ച ശേഷം പുറത്തുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. സാനിറ്റൈസറുകളും ഗ്ലൗസുകളും നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലോ ഉഷ്ണകാലത്ത് ദീര്‍ഘനേരം വാഹനങ്ങള്‍ക്കുള്ളിലോ സൂക്ഷിച്ചാല്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
സാനിറ്റൈസറുകളില്‍ ആല്‍ക്കഹോള്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവ തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കാറുകള്‍ക്കുള്ളില്‍ സൂക്ഷിക്കരുത്. ജനങ്ങള്‍ ജാഗ്രത പാലിക്കുകയും തീപിടുത്തം തടയുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷം ജനങ്ങളും സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
കടുത്ത ചൂടില്‍ നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ജനലുകള്‍ പൂര്‍ണമായി അടച്ചിടരുതെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്. പെര്‍ഫ്യൂമുകള്‍, ലൈറ്ററുകള്‍ എന്നിങ്ങനെ എളുപ്പത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളും വാഹനങ്ങളില്‍ സൂക്ഷിക്കരുത്. സാനിറ്റൈസറുകള്‍ ഉപയോഗിച്ച ശേഷം ഉടനെ തന്നെ അടുക്കളയിലും മറ്റും തീയുടെ സമീപത്തേക്ക് പോകരുത്. സാനിറ്റൈസറുകള്‍ കൊണ്ടുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ കുട്ടികളെയും ബോധവത്കരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.