വിദേശത്തായിരുന്നപ്പോള്‍ ട്രാഫിക് ഫൈന്‍; ബിസിനസുകാരന്റെ അന്വേഷണം കലാശിച്ചത് വിവാഹമോചനത്തില്‍

By Web Team  |  First Published Mar 13, 2023, 8:54 PM IST

സൗദിയിലെ സമ്പന്നനും നിരവധി കാറുകളുടെ ഉടമയുമായിരുന്ന ഒരാളാണ് തന്റെ പേരിലുള്ള നിയമലംഘനത്തില്‍ സംശയം പ്രകടിപ്പിച്ചത്.


റിയാദ്: വിദേശത്ത് പോയിരുന്ന സമയത്ത് തന്റെ കാറിന് ട്രാഫിക് ഫൈന്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉടമ നടത്തിയ അന്വേഷണം കലാശിച്ചത് സ്വന്തം വിവാഹമോചനത്തില്‍. സൗദി അറേബ്യയിലെ പ്രമുഖ അഭിഭാഷക നൂറ ബിന്‍ത് ഹുസൈന്‍ ടിക് ടോക്കിലൂടെ പങ്കുവെച്ച അനുഭവത്തിലാണ് ഇത്തരമൊരു സംഭവം വിശദീകരിക്കുന്നത്. സംഭവത്തില്‍ വില്ലനായി മാറിയത് സൗദി അറേബ്യയിലെ നിരത്തുകളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് സംവിധാനമായ 'സാഹിര്‍' ക്യാമറയും.

സൗദിയിലെ സമ്പന്നനും നിരവധി കാറുകളുടെ ഉടമയുമായിരുന്ന ഒരാളാണ് തന്റെ പേരിലുള്ള നിയമലംഘനത്തില്‍ സംശയം പ്രകടിപ്പിച്ചത്. ബിസിനസ് ആവശ്യാര്‍ത്ഥം സ്ഥിരമായി വിദേശയാത്രകള്‍ നടത്തിയിരുന്ന ഇദ്ദേഹത്തിന് ഒരിക്കല്‍ താന്‍ വിദേശത്തായിരുന്ന സമയത്ത് തന്റെ പേരില്‍ ഗതാഗത നിയമലംഘനത്തിന് പിഴ ലഭിച്ചതായിരുന്നു സംശയത്തിന് ആധാരം. സൗദിയില്‍ തിരിച്ചെത്തിയപ്പോള്‍ ഫൈന്‍ ലഭിച്ച വിവരം മനസിലാക്കിയ അദ്ദേഹം അതിന്റെ വിശദാംശങ്ങള്‍ തേടുകയായിരുന്നു.

Latest Videos

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്നതായിരുന്നു പിഴ ചുമത്താന്‍ ആധാരമായ കുറ്റം. നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തന്റെ കാറില്‍ ഭാര്യയും മറ്റൊരാളും കൂടി യാത്ര ചെയ്യുന്നത് വ്യക്തമായത്. ഇതിന് പിന്നാലെ ഇയാള്‍ ഭാര്യയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ തനിക്കൊപ്പമുണ്ടായിരുന്നത് കാമുകനാണെന്ന് യുവതി വെളിപ്പെടുത്തിയതായി അഭിഭാഷക നൂറ ബിന്‍ത് ഹുസൈന്‍ പറഞ്ഞു.

ഭര്‍ത്താവ് വിദേശത്ത് പോകുന്ന സന്ദര്‍ഭങ്ങളില്‍ കാമുകനുമൊത്ത് അദ്ദേഹത്തിന്റെ കാറില്‍ ഇവര്‍ യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ഇത്തരമൊരു യാത്രയില്‍ നടത്തിയ നിയമലംഘനമാണ് ഇക്കാര്യം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ എത്തിച്ചത്. ക്യാമറ ദൃശ്യങ്ങള്‍ ഒടുവില്‍ ഇവരുടെ വിവാഹമോചനത്തില്‍ കലാശിച്ചുവെന്നും ടിക് ടോക്ക് വീഡിയോയില്‍ അവര്‍ പറയുന്നു.

Read also: മസാജ് സെന്ററുകളില്‍ റെയ്‍ഡ്: സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ആറ് പ്രവാസികള്‍ അറസ്റ്റില്‍

click me!