വിദേശത്ത് നിന്നും 38 വിമാനങ്ങള്‍; പ്രവാസി വിദ്യാര്‍ത്ഥി തിരിച്ചറിയല്‍ കാര്‍ഡുകളുടെ ഇന്‍ഷുറന്‍സ് ഇരട്ടിയാക്കി

By Web Team  |  First Published May 18, 2020, 6:15 PM IST

 അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ പൂര്‍ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.


തിരുവനന്തപുരം: ഇന്നുമുതല്‍ ജൂണ്‍ രണ്ട് വരെ 38 വിമാനങ്ങള്‍ പ്രവാസികളുമായി സംസ്ഥാനത്തെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങള്‍ വഴിയും കപ്പല്‍ മാര്‍ഗവും ഇതുവരെ 5815 പേരാണ് സംസ്ഥാനത്ത് എത്തിയതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

യുഎഇയില്‍ നിന്ന് എട്ട് വിമാനങ്ങള്‍, ഒമാനില്‍ നിന്ന് ആറ്, സൗദി അറേബ്യയില്‍ നിന്ന് നാല്, ഖത്തറില്‍ നിന്ന് മൂന്ന്, കുവൈത്തില്‍ നിന്ന് രണ്ട് എന്നിങ്ങനെയാണ് ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് ജൂണ്‍ രണ്ട് വരെയുള്ള വിമാന സര്‍വ്വീസുകള്‍. കൂടാതെ ഫിലിപ്പൈന്‍സ്, മലേഷ്യ, യുഎസ്എ, യുകെ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഇന്തോനേഷ്യ, അര്‍മേനിയ, താജിക്കിസ്ഥാന്‍, ഉക്രൈന്‍, അയര്‍ലാന്‍ഡ്, ഇറ്റലി, റഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങളും സംസ്ഥാനത്തെത്തും. 6530 യാത്രക്കാര്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Latest Videos

undefined

നോര്‍ക്ക റൂട്ട്‌സ് പ്രവാസി വിദ്യാര്‍ത്ഥി തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് നല്‍കി വരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ പൂര്‍ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. അപകട മരണം സംഭവിച്ചാല്‍ നല്‍കി വരുന്ന ഇന്‍ഷുറന്‍സ് ആനുകൂല്യം രണ്ട് ലക്ഷത്തില്‍ നിന്ന് നാലുലക്ഷമായും അംഗവൈകല്യം സംഭവിച്ചാല്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ആനുകൂല്യം ഇരട്ടിയാക്കിയെങ്കിലും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ അപേക്ഷാ ഫീസില്‍ വര്‍ധനവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.  

 

click me!