ബഹ്റൈനില്‍ ഒരു പ്രവാസിയില്‍ നിന്ന് 36 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി അധികൃതര്‍

By Web Team  |  First Published Jul 24, 2020, 1:28 PM IST

ജൂണ്‍ 16 മുതല്‍ ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം സമാന സ്വഭാവത്തിലുള്ള നാല് ക്ലസ്റ്ററുകള്‍ കൂടി അധികൃതര്‍ കണ്ടെത്തി. വിവരങ്ങള്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


മനാമ: ബഹ്റൈനില്‍ ഒരു പ്രവാസിയില്‍ നിന്ന് 36 പേര്‍ക്ക് കൊവിഡ് വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 40കാരനായ പ്രവാസിയെ കേന്ദ്രീകരിച്ചാണ് രോഗികളുടെ ഒരു ക്ലസ്റ്റര്‍ രൂപം കൊണ്ടത്. ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളുടെ സഹപ്രവര്‍ത്തകരും ഒരേ സ്ഥലത്ത് ഒപ്പം താമസിച്ചിരുന്നവരുമാണ് രോഗികളായത്.

ജൂണ്‍ 16 മുതല്‍ ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം സമാന സ്വഭാവത്തിലുള്ള നാല് ക്ലസ്റ്ററുകള്‍ കൂടി അധികൃതര്‍ കണ്ടെത്തി. വിവരങ്ങള്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി ടെസ്റ്റിങില്‍ രോഗം കണ്ടെത്തിയ 37കാരനായ സ്വദേശി യുവാവില്‍ നിന്ന് ഒന്‍പത് പേര്‍ക്ക് രോഗം പടര്‍ന്നിരുന്നു. ഒരു കുടുംബാംഗവും എട്ട് സഹപ്രവര്‍ത്തകരുമാണ് ഇങ്ങനെ രോഗികളായത്. ഇവരില്‍ രണ്ട് പേര്‍ സ്വദേശികളും മറ്റുള്ളവര്‍ പ്രവാസികളുമാണ്. 36കാരനായ ഒരു പ്രവാസിയില്‍ നിന്ന് മറ്റ് എട്ട് പ്രവാസികള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 54കാരനായ മറ്റൊരു പ്രവാസിയില്‍ നിന്നും എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തൊഴിലിടങ്ങളില്‍ വെച്ചായിരുന്നു ഈ രോഗവ്യാപനങ്ങളെല്ലാം. ഇതിന് പുറമെ 36കാരനായ സ്വദേശി യുവാവില്‍ നിന്നും 13 പേര്‍ക്കും രോഗം ബാധിച്ചതായും അധികൃതര്‍ കണ്ടെത്തിയിരുന്നു. 

Latest Videos

click me!