മറ്റൊരു രാജ്യത്തു നിന്ന് ജിദ്ദ തുറമുഖം വഴി സൗദി അറേബ്യയില്‍ എത്തിച്ച ഒരു ട്രക്കിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത് ട്രക്കിന്റെ ഫ്ലോറില്‍ പ്രത്യേക അറയുണ്ടാക്കി അവിടെ ക്യാപ്റ്റഗണ്‍ ഗുളികകള്‍ നിറയ്ക്കുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയിലേക്ക് വന്‍തോതില്‍ നിരോധിത ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. 32 ലക്ഷത്തിലധികം ക്യാപ്റ്റഗണ്‍ ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.
മറ്റൊരു രാജ്യത്തു നിന്ന് ജിദ്ദ തുറമുഖം വഴി സൗദി അറേബ്യയില്‍ എത്തിച്ച ഒരു ട്രക്കിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത് ട്രക്കിന്റെ ഫ്ലോറില്‍ പ്രത്യേക അറയുണ്ടാക്കി അവിടെ ക്യാപ്റ്റഗണ്‍ ഗുളികകള്‍ നിറയ്ക്കുകയായിരുന്നു. തുറമുഖത്ത് കസ്റ്റംസ് പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് അധികൃതര്‍ക്ക് സംശയം തോന്നിയത്. വിശദ പരിശോധന നടത്തിയതോടെ ട്രക്കിന്റെ ഫ്ലോറില്‍ നിന്ന് 32 ലക്ഷത്തിലധികം ലഹരി ഗുളികകള്‍ കണ്ടെത്തുകയായിരുന്നു.
സൗദി അറേബ്യയിലേക്കുള്ള കള്ളക്കടത്ത് ശ്രമങ്ങള്‍ പ്രതിരോധിക്കാനും അവയ്ക്ക് തടയിടാനും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സൗദി സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രാജ്യത്തേക്കുള്ള എല്ലാ ഇറക്കുമതികളിലും സൗദിയില്‍ നിന്ന് വിദേശത്തേക്ക് കയറ്റിഅയക്കുന്ന എല്ലാ സാധനങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. എല്ലാ രൂപത്തിലുമുള്ള കള്ളക്കടത്തുകള്‍ കണ്ടെത്തി തടയാന്‍ സാധിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
കള്ളക്കടത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്ന പൊതുജനങ്ങള്‍ 1910 എന്ന നമ്പറിലോ അല്ലെങ്കില്‍ 1910@zatca.gov.sa എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട് സെക്യൂരിറ്റി റിപ്പോര്‍ട്ട്സ് സെന്ററില്‍ വിവരം കൈമാറണമെന്നാണ് അധികൃതരുടെ നിര്‍ദേശം. സൗദി അറേബ്യയ്ക്ക് പുറത്തു നിന്ന് 00966114208417 എന്ന നമ്പറിലും സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയെ ബന്ധപ്പെടാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പൂര്‍ണ സ്വകാര്യത ഉറപ്പുവരുത്തുന്നതിനൊപ്പം ശരിയായ വിവരങ്ങള്‍ക്ക് പ്രതിഫലവും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Read also: പനി പ്രതിരോധിക്കാന്‍ മാസ്‍ക് ധരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം