വാഹനങ്ങൾ ഓടുമ്പോള്‍ ഇറങ്ങുകയോ കയറുകയോ ചെയ്യുന്നത് ട്രാഫിക് ലംഘനമാണ്.
റിയാദ്: സൗദി അറേബ്യയിൽ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹനത്തിൽ നിന്ന് ഇറങ്ങുകയോ അതിൽ കയറുകയോ ചെയ്യരുതെന്ന് പൊതുസുരക്ഷ വിഭാഗം വാഹന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് പൊതുസുരക്ഷ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.
വാഹനങ്ങൾ ഓടുമ്പോള്‍ ഇറങ്ങുകയോ കയറുകയോ ചെയ്യുന്നത് ട്രാഫിക് ലംഘനമാണ്. അത് ജീവൻ അപകടത്തിലാക്കുകയും ട്രാഫിക്ക് കുരുക്കുണ്ടാക്കുകയും ചെയ്യും. ഇതിന് 1,000 മുതൽ 2,000 റിയാൽ വരെ പിഴ ചുമത്തുമെന്നും പൊതുസുരക്ഷ വിഭാഗം വ്യക്തമാക്കി. സഞ്ചരിക്കുന്ന വാഹനത്തിൽ ഇങ്ങനെ ചെയ്യുന്നത് ട്രാഫിക് നിയമലംഘന പട്ടികയിലെ അഞ്ചാമത്തെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിനുപുറമെ മുൻവശത്തെ നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുക, റെയിൽവേ ലൈനുകളിൽ നിർത്തുക, നടപ്പാതകളിലൂടെ ഡ്രൈവിങ് നടത്തുക, നിരോധിത സ്ഥലങ്ങളിൽ ഓവർടേക്കിങ്ങ് നടത്തുക ഇക്കൂട്ടത്തിലുള്ള കുറ്റങ്ങളാണ്.