വിദേശത്ത് നിന്നെത്തുന്ന ഓണ്‍ലൈന്‍ സ്റ്റോറുകളിലെ 1,000 റിയാലിൽ കവിയാത്ത വ്യക്തിഗത ഷിപ്പ്‌മെൻറുകൾക്കാണ് ഫീസ് ഏര്‍പ്പെടുത്തുക.
(പ്രതീകാത്മക ചിത്രം)
റിയാദ്: സൗദിയിൽ നിന്ന് കയറ്റുമതിക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കാനും ഇറക്കുമതി തീരുവ കുറയ്ക്കാനുമുള്ള തീരുമാനം പ്രാബല്യത്തിലായി. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ മൂല്യത്തിന്‍റെ 0.15 ശതമാനം കസ്റ്റംസ് ഡിക്ലറേഷൻ പ്രോസസ് ചെയ്യുന്നതിനുള്ള ഫീസായി ഇൗടാക്കും. രാജ്യത്തിന് പുറത്തുനിന്ന് ഓൺലൈൻ സ്റ്റോറുകൾ വഴി ലഭിക്കുന്ന 1,000 റിയാലിൽ കവിയാത്ത വ്യക്തിഗത ഷിപ്പ്‌മെൻറുകൾക്ക് 15 റിയാൽ തീരുവ ചുമത്തും. അതേസമയം കയറ്റുമതിക്കുള്ള കസ്റ്റംസ് സേവനങ്ങൾക്കുള്ള തീരുവ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
കസ്റ്റംസ് ഡാറ്റ പ്രോസസിങ് സേവനം, ലീഡ് സ്റ്റാമ്പിങ്, ലാൻഡ് പോർട്ടുകളിലെ ചരക്ക് സേവനങ്ങൾ, എക്സ്-റേ പരിശോധന, കസ്റ്റംസ് ഡാറ്റാ വിവരങ്ങളുടെ കൈമാറ്റം, സ്വകാര്യ ലബോറട്ടറികളിലെ സാമ്പിൾ വിശകലനത്തിെൻറ കൈമാറ്റം എന്നിവക്കുള്ള ഫീസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. മുമ്പ് ഇറക്കുമതി തീരുവയിൽ എക്‌സ്-റേ ഉപയോഗിച്ച് പരിശോധിക്കുന്ന ഓരോ കണ്ടെയ്‌നറിനും 100 റിയാൽ ഈടാക്കിയിരുന്നു. വിവര കൈമാറ്റ സേവനത്തിന് 100 റിയാലും കസ്റ്റംസ് ഡിക്ലറേഷൻ പ്രോസസിങ് സേവനത്തിന് 20 റിയാലിനും പുറമെയാണിത്.
എന്നാൽ പുതിയ തീരുമാനം നടപ്പായതോടെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ മൂല്യത്തിെൻറ 0.15 ശതമാനം (ഇൻഷുറൻസും ഷിപ്പിങ് ഉൾപ്പെടെ) ആണ് ഫീസ്. അത് പരമാവധി 500 റിയാലും കുറഞ്ഞത് 15 റിയാലുമാണ്. കൂടാതെ കസ്റ്റംസ് തീരുവകളിൽനിന്നും നികുതികളിൽനിന്നും ഒഴിവാക്കിയ സാധനങ്ങൾക്ക് പരമാവധി 130 റിയാലാണ് ഫീസ്. കയറ്റുമതി തീരുവ റദ്ദാക്കുന്നത് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനും ചെറുകിട, ഇടത്തരം സംരംഭകരെ സഹായിക്കുമെന്ന് അതോറിറ്റി സൂചിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം