പ്രവാസികളെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ 11 അംഗ സംഘം അറസ്റ്റില്‍

By Web Team  |  First Published Aug 24, 2022, 10:48 AM IST

ബാങ്ക് ജീവനക്കാരെന്ന വ്യാജേന സംഘാംഗങ്ങള്‍ അക്കൗണ്ട് ഉടമകളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു രീതി. തുടര്‍ന്ന് ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ ബ്ലോക്കായെന്നോ അക്കൗണ്ടിലെ സേവനങ്ങള്‍ തടസപ്പെട്ടിട്ടുണ്ടെന്നോ അറിയിക്കും.


റിയാദ്: സൗദി അറേബ്യയില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയ 11 പേരെ അറസ്റ്റ് ചെയ്‍തു. ബാങ്ക് ജീവനക്കാരെന്ന വ്യാജേനയാണ് ഇയാള്‍ സൗദി പൗരന്മാരില്‍ നിന്നും രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ നിന്നും പണം തട്ടിയെടുത്തത്. ബാങ്ക് ജീവനക്കാരെന്ന വ്യാജേന ആളുകളെ ഫോണില്‍ ബന്ധപ്പെട്ടാണ് സംഘം കെണിയൊരുക്കിയത്.

വീട് വാടകയ്ക്ക് എടുത്തായിരുന്നു തട്ടിപ്പിനുള്ള വഴിയൊരുക്കിയതെന്ന് കേസ് അന്വേഷിച്ച പബ്ലിക് പ്രോസിക്യൂഷന്റെ ഫിനാന്‍ഷ്യല്‍ ഫ്രോഡ് യൂണിറ്റ് കണ്ടെത്തി. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ ഇവരുടെ അറസ്റ്റ് അനിവാര്യമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്.

Latest Videos

Read also: ശരീരത്തിനുള്ളില്‍ 110 ഹെറോയിന്‍ ഗുളികകള്‍; 28 വയസുകാരനായ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

ബാങ്ക് ജീവനക്കാരെന്ന വ്യാജേന സംഘാംഗങ്ങള്‍ അക്കൗണ്ട് ഉടമകളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു രീതി. തുടര്‍ന്ന് ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ ബ്ലോക്കായെന്നോ അക്കൗണ്ടിലെ സേവനങ്ങള്‍ തടസപ്പെട്ടിട്ടുണ്ടെന്നോ അറിയിക്കും. ഇത് പുനഃസ്ഥാപിക്കുന്നതിനായി അക്കൗണ്ട് ഉടമകളുടെ സ്വകാര്യ വിവരങ്ങളും ചില നമ്പറുകളും ആവശ്യപ്പെടും. പാസ്‍വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം അത് ഉപയോഗിച്ച് പണം തട്ടുകയായിരുന്നു ചെയ്‍തിരുന്നത്.  ബാങ്കിങ് സേവനങ്ങള്‍ക്ക് ആവശ്യമായ സീക്രട്ട് കോഡുകളും അബ്ഷീര്‍ പ്ലാറ്റ്ഫോമിലെ വിവരങ്ങളും ഇങ്ങനേ ശേഖരിച്ചിരുന്നു.

വിവിധ ആശയ വിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് സമൂഹത്തിലെ എല്ലാവരും ബോധവാന്മാരായിരിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. വ്യക്തിവിവരങ്ങളും അക്കൗണ്ട് വിവരങ്ങളും സംരക്ഷിക്കുകയും അവ മറ്റുള്ളവര്‍ക്കായി പങ്കുവെയ്‍ക്കാതിരിക്കുകയും വേണം. ബാങ്കുകളുമായുള്ള ഇടപാടുകള്‍ അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രമായിരിക്കണമെന്നും പ്രോസിക്യൂഷന്റെ അറിയിപ്പില്‍ പറയുന്നു. 

Read also: സിഗ്നലുകളില്‍ ശ്രദ്ധ തെറ്റരുതേ...! അപകട മുന്നറിയിപ്പുമായി അബുദാബി പൊലീസിന്റെ വീഡിയോ

click me!