സൗദി അറേബ്യയില്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ച്ചക്കിടെ 10,034 പ്രവാസികളെ നാടുകടത്തി

By Web Team  |  First Published Oct 30, 2022, 10:41 PM IST

ഈ മാസം 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളില്‍ 9763 ഇഖാമ നിയമ ലംഘകരും 4911 അതിർത്തി സുരക്ഷാചട്ട ലംഘകരും 2581 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്. 


റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് പിടിയിലായി ജയിലിൽകഴിയുന്നവരിൽ 10,034 വിദേശികളെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി. അതേസമയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് പുതുതായി 17,255 വിദേശികൾ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഈ മാസം 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളില്‍ 9763 ഇഖാമ നിയമ ലംഘകരും 4911 അതിർത്തി സുരക്ഷാചട്ട ലംഘകരും 2581 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 585 പേരാണ്. ഇവരിൽ 48 ശതമാനം യമനികളും 49 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 157 പേരും പിടിയിലായിട്ടുണ്ട്.

Latest Videos

തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസസൗകര്യം ഒരുക്കിയതിനും 23 പേരെ പിടികൂടി. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന 52,916 നിയമലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇക്കൂട്ടത്തിൽ 48,782 പേർ പുരുഷന്മാരും 4,134 സ്ത്രീകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിന് 42,113 പേരെ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്. 

Read also: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 17 പ്രവാസികള്‍ പരിശോധനയില്‍ പിടിയിലായി

വിദേശ ഉംറ തീർഥാടകർ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് തിരിച്ചുപോകണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഉംറ കർമങ്ങൾ പൂർത്തിയാക്കിയിരിക്കണം. ശേഷം രാജ്യത്ത് താമസിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണ്. 

ഉംറ വിസയിൽ എത്തുന്നവർക്ക് സൗദി അറേബ്യയില്‍ താമസിക്കാനുള്ള കാലാവധി 30 ദിവസങ്ങളിൽ നിന്ന് 90 ദിവസമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ തീർഥാടകന് മക്ക, മദീന എന്നിവ കൂടാതെ സൗദിയിലെ മറ്റെല്ലാ നഗരങ്ങൾക്കുമിടയിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. തീർഥാടകന് സൗദി അറേബ്യയിലെ അന്താരാഷ്ട്രീയവും ആഭ്യന്തരവുമായ മുഴുവൻ വിമാനത്താവളങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങാനും അനുവാദമുണ്ട്. 

Read also: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി മരിച്ചു

click me!