തെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപി വലിയ പ്രതീക്ഷ പുലർത്തുമ്പോൾ കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം കേന്ദ്രസർക്കാരിനെതിരെ ഉയരുന്ന രോഷം വോട്ടിൽ പ്രതിഫലിക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് വിലയിരുത്തൽ.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായി. അവസാനഘട്ടത്തിലെ വോട്ടെടുപ്പിലും എൺപത് ശതമാനത്തിനടുത്ത് പോളിംഗ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപി വലിയ പ്രതീക്ഷ പുലർത്തുമ്പോൾ കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം കേന്ദ്രസർക്കാരിനെതിരെ ഉയരുന്ന രോഷം വോട്ടിൽ പ്രതിഫലിക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് വിലയിരുത്തൽ.
ജയ്ശ്രീറാം മുഴക്കി ധ്രുവീകരണം ആയുധമാക്കി ബിജെപി. ജയ് ബംഗ്ള മുദ്രാവാക്യത്തിലൂടെ വീൽചെയറിലിരുന്ന് ബിജെപിയെ പ്രതിരോധിച്ച് മമത ബാനർജി. കോൺഗ്രസിനെയും ഐഎസ്എഫിനെയും ഒപ്പം കൂട്ടിയുള്ള പരീക്ഷണവുമായി ഇടതുപക്ഷം. ഇങ്ങനെയൊക്കെയായിരുന്നു പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പോരാട്ടം. രാജ്യം ഒന്നാകെ ശ്രദ്ധിച്ച തെരഞ്ഞെടുപ്പിന് ഇന്ന് തിരശ്ശീല വീണത് മാർച്ച് ഇരുപത്തിയേഴിന് തുടങ്ങിയ വോട്ടെടുപ്പ് എട്ടു ഘട്ടങ്ങളിലായാണ് പൂർത്തിയായത്. അവസാന ഘട്ടത്തിൽ കൊല്ക്കത്തയിലെ എഴുൾപ്പടെ 35 സീറ്റുകളിലായിരുന്നു വോട്ടെടുപ്പ്. വടക്കൻ കൊല്ക്കത്തയിലെ മഹാജതി ഓഡിറ്റോറിയത്തിനടുത്താണ് ബോംബേറ് നടന്നത് ഒഴിച്ചാൽ പൊതുവെ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
കൊവിഡ് മഹാമാരിക്കിടയിലും തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കാത്തതിന് കമ്മീഷൻ ഏറെ വിമർശനം കേട്ടിരുന്നു. റാലികളും റോഡ്ഷോകളും മാർഗ്ഗനിർദ്ദേശം ലംഘിച്ച് നടന്നു. ആദ്യ ഘട്ടങ്ങളിൽ മമതയ്ക്ക് അനുകൂലമായിട്ടായിരുന്നു എല്ലാ അഭിപ്രായ സർവ്വെകളും. എന്നാൽ വോട്ടെടുപ്പ് തുടരുമ്പോൾ ബിജെപി വൻ മുന്നേറ്റമാണുണ്ടാക്കിയത്. കൊവിഡ് രണ്ടാംതരംഗത്തോടെ ബിജെപിയും പ്രചാരണത്തിൻറെയും താളം തെറ്റി. ഇത് വോട്ടിൽ പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണ് തൃണമൂൽ കോൺഗ്രസ്. ചില പോക്കറ്റുകളിൽ മാത്രം ഇടതുകോൺഗ്രസ് സഖ്യം സാന്നിധ്യമറിയിക്കാനാണ് സാധ്യത. പശ്ചിമബംഗാൾ പിടിക്കാൻ ബിജെപിക്കായാൽ ഇപ്പോഴുയരുന്ന വിമർശനങ്ങളെ നേരിടാൻ കേന്ദ്രസർക്കാരിനു കരുത്താകും. മറിച്ചായാൽ പ്രതിപക്ഷനിരയുടെ ഉണർന്നെണീക്കലിന് രാജ്യം സാക്ഷ്യം വഹിക്കും.