ദേശീയ നേതാക്കൾ പങ്കെടുത്ത റാലികളിൽ വലിയ ജാഗ്രത കുറവുണ്ടായെന്നും വീഴ്ച തുടർന്നാൽ പശ്ചിമ ബംഗാളിൽ തുടർ റാലികൾ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ.
കല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പിന് മുമ്പ് ബംഗാളില്‍ പലയിടങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറി. കൂച്ച്ബിഹാറിലും ഹൗറയിലും രൂക്ഷമായ സംഘർഷം നടന്നു. നന്ദിഗ്രാമിലെ സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ പ്രവർത്തകൻ മരിച്ചു.
ബംഗാളിൽ അമിത് ഷായുടെ നേതൃത്വത്തിൽ രാഷ്ട്രപതി ഭരണമാണ് നടക്കുന്നതെന്നായിരുന്നു അക്രമണസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മമത ബാനർജിയുടെ പ്രതികരണം. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സുരക്ഷയ്ക്ക് 789 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ അവഗണിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കടുത്ത അതൃപ്തിയറിയിച്ചു. ദേശീയ നേതാക്കൾ പങ്കെടുത്ത റാലികളിൽ വലിയ ജാഗ്രത കുറവുണ്ടായെന്നും വീഴ്ച തുടർന്നാൽ പശ്ചിമ ബംഗാളിൽ തുടർ റാലികൾ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വോട്ടെണ്ണൽ ദിനത്തിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്‍കി.