കുച്ച്ബിഹാർ ജില്ലയിലെ പോളിംഗ് സ്റ്റേഷന് മുന്നിലെ വെടിവെയ്പ് സംഭവത്തോട് അനുബന്ധിച്ച് ദിലിപ് ഘോഷ് നടത്തിയ പരാമർശത്തെ തുടർന്നാണ് ടിഎംസിയുടെ ഈ ആവശ്യം.
കൊൽക്കത്ത: പശ്ചിമബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ രാഷ്ട്രീയ പ്രചാരണത്തിന് വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്. കുച്ച്ബിഹാർ ജില്ലയിലെ പോളിംഗ് സ്റ്റേഷന് മുന്നിലെ വെടിവെയ്പ് സംഭവത്തോട് അനുബന്ധിച്ച് ദിലിപ് ഘോഷ് നടത്തിയ പരാമർശത്തെ തുടർന്നാണ് ടിഎംസിയുടെ ഈ ആവശ്യം. അക്രമത്തെ ഘോഷ് ന്യായീകരിച്ചതായും ഇത്തരം ആക്രമങ്ങൾ ആവർത്തിക്കുമെന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തിയായും ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
''സീതാൽകുച്ചിയിൽ എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ കണ്ടു. ആരെങ്കിലും അതിരു കടക്കാൻ ശ്രമിച്ചാൽ ഈ സംഭവം ആവർത്തിക്കപ്പെടും.'' എന്നായിരുന്നു ദിലിപ് ഘോഷിന്റെ വാക്കുകൾ. നിരപരാധികളായ നാലുപേരെ കൊലപ്പെടുത്തിയ സിആർപിഎഫ് നടപടിയെ അപലപിക്കുന്നതിന് പകരം ഘോഷ് ഈ പ്രവർത്തിയെ ന്യായീകരിക്കുകയും ബംഗാളിൽ നടന്നു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിൽ സമാനമായ സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ദിലീപ് ഘോഷിന്റെ പ്രകോപനപരമായ പ്രസ്താവനക്കും വോട്ടർമാർക്ക് നേരെയുള്ള ഭീഷണിക്കും എതിരെ കർശനമായ നിയമനടപടി സ്വീകരിക്കുക. കൂടാതെ അവശേഷിക്കുന്ന തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ പ്രചാരണത്തിന് വിലക്കേർപ്പെടുത്തുക എന്നിവയാണ് തൃണമൂൽ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെ കുച്ച് ബിഹാര്‍ പ്രദേശത്താണ് വ്യാപക അക്രമം നടന്നത്. പ്രദേശത്തെ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്രസേന രണ്ട് തവണ വെടിയുതിർത്തതായും നാലു പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടതായും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ജില്ലയിൽ നാലുപേർ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ആദ്യത്തെ നാലുഘട്ടം അവസാനിച്ചു. അഞ്ചാമത്തെയും ആറാമത്തെയും ഘട്ടങ്ങൾ ഏപ്രിൽ 17,ഏപ്രിൽ 22 തീയതികളിൽ നടക്കും.