കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന തമിഴ്നാട്ടിലും അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും അന്തിമ ഫലം പുറത്തുവന്നു. ഭരണമാറ്റം ഉറപ്പിച്ച് തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡിഎംകെ മികച്ച വിജയം സ്വന്തമാക്കി.
ദില്ലി: കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന തമിഴ്നാട്ടിലും അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും അന്തിമ ഫലം പുറത്തുവന്നു. ഭരണമാറ്റം ഉറപ്പിച്ച് തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡിഎംകെ മികച്ച വിജയം സ്വന്തമാക്കി.
തമിഴ്നാട്ടിൽ 158 സീറ്റുകളില്‍ ഡിഎംകെ സഖ്യം മുന്നേറിയപ്പോൾ അണ്ണാ ഡിഎംകെ 76 സീറ്റിലൊതുങ്ങി. ഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് ലീഡ് എത്തിയതോടെ തന്നെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് മധുരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനം നടത്തിയിരുന്നു.
undefined
കൊവിഡ് പശ്ചാത്തലത്തില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായതോടെ കൂട്ടംകൂടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. വിജയാഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് എം കെ സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം പിടിച്ചിരിക്കുകയാണ് ഡിഎംകെ.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയാണ് പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ്. അതിനിടയിൽ നന്ദിഗ്രാമിൽ മമതയുടെ പരാജയം കല്ലുകടിയായി.1622 വോട്ടുകൾക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു എന്ന് മമത പ്രതികരിച്ചു. 219 സീറ്റുകളാണ് ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. സർവ്വ സന്നാഹത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ച വിജയം നേടാനാകാതിരുന്ന ബിജെപി നേടിയത് 71 സീറ്റുകളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ കേന്ദ്ര നേതാക്കള്‍ ക്യാമ്പ് ചെയ്താണ് ബംഗാളില്‍ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തിയത്. എന്നാല്‍ ഇതൊന്നും വലിയ മുന്നേറ്റം നടത്താന്‍ ബിജെപിയെ സഹായിച്ചില്ല.ബംഗാള്‍ ജനത മൂന്നാം തവണയും മമതയില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. ഇന്ത്യയിലെ ഏക വനിതാ മുഖ്യമന്ത്രിക്ക് ഈ തെരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തിലടക്കം നൽകുന്ന ആത്മവിശ്വാസവും ചെറുതാകില്ല.
ബഅസമിൽ ഭരണത്തുടർച്ച നേടിയതും പുതുച്ചേരിയിൽ ഭരണത്തിലേറാമെന്നതും ആണ് എൻഡിഎക്ക് ആശ്വാസിക്കാവുന്ന നേട്ടം. 126 മണ്ഡലങ്ങളിലായിട്ടാണ് അസമിൽ തെരഞ്ഞെടുപ്പ് നടന്നത്. 78 സീറ്റുകളിലാണ് ബിജെപി ലഭിച്ചത്. കോണ്‍ഗ്രസ് 46 സീറ്റുകൾ നേടിയപ്പോള്‍ മറ്റുള്ളവർ രണ്ട് സീറ്റുകളും നേടി. ജനങ്ങൾ ഞങ്ങളെ അനുഗ്രഹിച്ചു എന്നായിരുന്നു അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ പ്രതികരണം.